അക്കൗണ്ടില്‍ വലിയ തുകകളുടെ ഇടപാടുകള്‍; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യംചെയ്യും

കൊച്ചി : സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യംചെയ്യും. നേരത്തെ ബംഗളുരുവില്‍ വിളിച്ചുവരുത്തി 11 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചെങ്കിലും നല്‍കാത്തതിനേ തുടര്‍ന്നാണു വീണ്ടും വിളിച്ചുവരുത്തല്‍.

ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുകകളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ആരൊക്കെയാണെന്നു വ്യക്തമാക്കിയിരുന്നില്ല. ഏതെങ്കിലും ഇടപാടുകളില്‍ നിന്നു ലഭിച്ച കമ്മിഷനാണോ എന്നതുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. ബംഗളുരു മയക്കുമരുന്നു കേസ് പ്രതി മുഹമ്മദ് അനൂപിനു വായ്പ നല്‍കിയതു ബാങ്ക് വഴിയാണെന്നു ബിനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ചില ഇടപാടുകളെപ്പറ്റി വ്യക്തത വരാനുണ്ട്.

വലിയ തുകകള്‍ ഗള്‍ഫില്‍ നിന്നു ബിനീഷിന്റെ അക്കൗണ്ടിലെത്തിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച വ്യക്തതയ്ക്കാണു ചോദ്യംചെയ്യല്‍. സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണ പരിധിയിലുള്ള യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിസ സ്റ്റാംപിങ് കരാര്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ ബിനീഷിന്റെ സഹായം വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വിസ സ്റ്റാംപിങ് സ്ഥാപനമായ യു.എ.എഫ്.എക്സ്. സൊലൂഷന്‍സ് ബിനീഷിനു ലാഭവിഹിതം നല്‍കുന്നുണ്ടെന്നാണു വിവരം.

ബിനീഷ് ഒറ്റ മാസം തുടങ്ങിയത് രണ്ടു കമ്പനികളാണ്. രണ്ടും പൂട്ടി. വാര്‍ഷിക റിപ്പോര്‍ട്ടില്ല, ഓഡിറ്റിങ്ങുമില്ല. ഇത്തരം കമ്പനികളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. കമ്പനികളുടെ ഇടപാടുകളുടെ വിശദാംശങ്ങളും അറിയാനുണ്ട്. മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകളിലേക്കും ഇ.ഡിയുടെ അന്വേഷണം നീളുമെന്നാണു സൂചന. 2017 മുതല്‍ പല കരാറുകളുടെയും പദ്ധതികളുടെയും തടസം നീക്കാന്‍ ഇടനിലക്കാരനായി ബിനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കരുതുന്നു.

ബംഗളുരുവില്‍ ലഹരിമരുന്നുമായി പിടിയിലായവരെ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ബിനീഷ് പലതവണ ഫോണ്‍ വിളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ ചില പ്രതികളുമായി ബിനീഷിന് അടുപ്പമുണ്ടായിരുന്നെന്നു നാലാം പ്രതി സന്ദീപ് നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പല ആവശ്യങ്ങള്‍ക്കുമായി തന്റെ ബിനീഷ് സഹായം തേടിയിട്ടുണ്ടെന്ന് സ്വപ്നയും സമ്മതിച്ചിട്ടുണ്ട്. അഞ്ചാം പ്രതി കെ.ടി. റമീസുമായി ബിനീഷിന് അടുപ്പമുണ്ടെന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

ബിനീഷിന്റെ സ്വത്തുവിവരങ്ങള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകളും ലഭിച്ചു. ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിക്കുന്നത്. ബിനീഷ് ഡയറക്ടറായ ചില കമ്പനികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെടുമെന്ന് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.

ബിനീഷിനെതിരേ ബംഗളുരു എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, അവിടത്തെ ജഡ്ജിക്കു ഭീഷണി ഫോണ്‍ കോളുകള്‍ എത്തിയത് അന്വേഷണസംഘം ഗൗരവത്തോടെയാണു കാണുന്നത്. മലയാളികളാണു ഫോണ്‍ വിളിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ പ്രതികളെ ഒഴിവാക്കണമെന്നായിരുന്നു ഫോണിലൂടെയുള്ള ആവശ്യം.

follow us pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7