ന്യൂഡൽഹി :ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ കോടികൾ മുടക്കി കിങ്സ് ഇലവൻ പഞ്ചാബ് ടീമിലടുത്ത ഓസീസ് താരം ഗ്ലെൻ മാക്സ്‌വെൽ മോശം ഫോം തുടരുന്നതിനിടെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് രംഗത്ത്. എല്ലാ തവണയും താരലേലത്തിൽ ടീമുകൾ പണം വാരിയെറിഞ്ഞ് സ്വന്തമാക്കുന്ന താരമാണ് മാക്സ്‌വെലെന്നും, എന്നിട്ടും ഇതുവരെ ഒരു തവണ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ മാക്‌സ്‌വെലിനു സാധിച്ചിട്ടില്ലെന്നും സേവാഗ് ചൂണ്ടിക്കാട്ടി. അടുത്ത തവണ ലേലത്തിൽ മാക്സ്‌വെലിന്റെ വില 1–2 കോടി രൂപയിലേക്ക് കുറയുമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.
13–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് കിങ്സ് ഇലവൻ പഞ്ചാബ് മാക്സ്‌വെലിനെ ടീമിലെത്തിച്ചത്. 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ തന്നെ പാറ്റ് കമ്മിൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക ലഭിച്ച താരമാണ് മാക്‌സ്‌വെൽ. എന്നിട്ടും സീസണിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മാക്‌സ്‌വെലിനു സാധിക്കാതെ പോയ സാഹചര്യത്തിലാണ് സേവാഗ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. 2018ലെ താരലേലത്തിൽ ഒൻപത് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസും മാക്സ്‌വെലിനെ വാങ്ങിയിരുന്നു. അന്നും പ്രകടനം മോശമായിരുന്നുവെന്ന് സേവാഗ് ചൂണ്ടിക്കാട്ടി.
ഈ സീസണിൽ അഞ്ചിൽ നാല് ഇന്നിങ്സിലും ബാറ്റിങ്ങിന് അവസരം ലഭിച്ച മാക്സ്‌വെലിന് ഇതുവരെ നേടാനായത് 1, 5, 13*, 11, 11*, 7 റൺസ് എന്നിങ്ങനെ മാത്രമാണ്. അതായത് ആറു മത്സരങ്ങളിൽനിന്ന് 48 റൺസ്! ബോളിങ്ങിലും ഇതുവരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ മാക്സ്‌വെലിന് കഴിഞ്ഞിട്ടില്ല. ആകെ ലഭിച്ചത് ഒരേയൊരു വിക്കറ്റ് മാത്രം. ഏറ്റവും പണം മുടക്കിയെടുത്ത താരം മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ ആറു മത്സരങ്ങൾ പിന്നിടുമ്പോൾ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ് പഞ്ചാബ്. ആറു മത്സരങ്ങളിൽനിന്ന് ഇതുവരെ നേടാനായത് ഒരു വിജയം മാത്രം. അഞ്ച് കളികൾ തോറ്റു.
മാക്സ്‌വെലിന്റെ ഫോം ഇത്രയും മോശമാകാൻ കാരണമെന്തെന്ന് അറിയില്ലെന്ന് സേവാഗ് അദ്ഭുതപ്പെട്ടു. ടൂർണമെന്റിൽ ഇതിനകം ഇന്നിങ്സിന്റെ മുന്നിലും മധ്യത്തിലും പിന്നിലും ഇറങ്ങാൻ മാക്സ്വെലിന് അവസരം ലഭിച്ചുകഴിഞ്ഞു. എന്നിട്ടും ഫോം കണ്ടെത്താനാകാത്തത് വിസ്മയിപ്പിക്കുന്നതായി സേവാഗ് വിശദീകരിച്ചു. എല്ലാ വർഷവും മാക്സ്‌വെലിന്റെ കാര്യം ഇങ്ങനെയൊക്കെ തന്നെയാണെന്നും സേവാഗ് ചൂണ്ടിക്കാട്ടി.
‘ഇനിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഗ്ലെൻ മാക്സ്‌വെലിന് എന്തുതരം അവസരമാണ് വേണ്ടതെന്ന് മനസ്സിലാകുന്നില്ല. പഞ്ചാബിന് തുടർച്ചയായി രണ്ട് ബാറ്റ്സ്മാൻമാരെ നഷ്ടമായപ്പോൾ (സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ) നേരത്തേ ഇറങ്ങാൻ മാക്സ്വെലിന് അവസരം കിട്ടി. ഇഷ്ടംപോലെ ഓവറുകൾ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം പരാജയപ്പെട്ടു. മുൻപത്തെ മത്സരങ്ങളിൽ ഏറ്റവും ഒടുവിലാണ് കളത്തിലിറങ്ങിയത്. യാതൊരു സമ്മർദ്ദവുമില്ലാതെ കളിക്കാമായിരുന്നു. എന്നിട്ടും മികച്ച പ്രകടനമൊന്നും സംഭവിച്ചില്ല’ – സേവാഗ് പറഞ്ഞു.
‘മാക്സ്‌വെലിന്റെ മനസ്സിലെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എല്ലാ വർഷവും അദ്ദേഹത്തിന്റെ കാര്യം ഇങ്ങനെയൊക്കെ തന്നെയാണ്. താരലേലത്തിൽ വലിയ തുകയ്ക്ക് ടീമുകൾ വാങ്ങും. കളത്തിലെ പ്രകടനം എന്നും ഇങ്ങനെ തന്നെ. എന്നിട്ടും ടീമുകൾ മാക്സ്‌വെലിനു പിന്നാലെ പായുന്നു. ഇതാണ് എനിക്ക് ഇതുവരെ മനസ്സിലാകാത്തത്’ – കിങ്സ് ഇലവൻ പഞ്ചാബിന്റെ മുൻ പരിശീലകൻ കൂടിയായ സേവാഗ് പറഞ്ഞു.
‘അടുത്ത താരലേലത്തിൽ എന്തായാലും മാക്സ്‍വെലിന്റെ മൂല്യം 10 കോടിയിൽനിന്ന് 1–2 കോടിയിലേക്ക് താഴുമെന്ന് തീർച്ചയാണ്. അങ്ങനെ സംഭവിച്ചേ മതിയാകൂ. ഐപിഎലിൽ മാക്സ്‍വെൽ അവസാനമായി അർധസെഞ്ചുറി നേടിയത് 2016ലാണ്. ഈ മത്സരത്തിൽ (ഹൈദരാബാദിനെതിരെ) നിക്കോളാസ് പുരാന് കൂട്ടുനിൽക്കേണ്ട ദൗത്യം മാത്രമേ മാക്സ്‌വെലിന് ഉണ്ടായിരുന്നുള്ളൂ. മാക്സ്‍വെൽ മറുവശത്ത് ഉറച്ചുനിന്നിരുന്നെങ്കിൽ മത്സരം ജയിപ്പിക്കാൻ പുരാന് കഴിയുമായിരുന്നു. ഒടുവിൽ ഒറ്റയ്ക്കായിപ്പോയ പുരാൻ പുറത്താകുന്നതും നാം കണ്ടു’ – സേവാഗ് പറഞ്ഞു.
Leave a Comment