ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിലെ ‘ചില’ താരങ്ങളുടെ അലസ സമീപനത്തിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. ചെന്നൈ ടീമിലെ താരങ്ങൾ ഫ്രാഞ്ചൈസിയെ സർക്കാർ ജോലി പോലെയാണു കാണുന്നതെന്ന് സേവാഗ് ആരോപിച്ചു. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് പിന്തുടർന്നു വിജയിക്കാമായിരുന്നു. എന്നാൽ രവീന്ദ്ര ജഡേജയും കേദാർ ജാദവും കളിച്ച ഡോട്ട് ബോളുകൾ ഉപകരിച്ചില്ല. എന്റെ കാഴ്ചപ്പാടിൽ ചില ചെന്നൈ ബാറ്റ്സ്മാൻമാർ സിഎസ്കെയെ സർക്കാർ ജോലി പോലെയാണു കാണുന്നത്.
മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും എങ്ങനെയും ശമ്പളം ലഭിക്കുമെന്ന് അവർക്ക് അറിയാം– ഒരു സ്പോർട്സ് മാധ്യമത്തോടു സേവാഗ് പറഞ്ഞു. 2020 ഐപിഎൽ ആരംഭിച്ച ശേഷം ഇതാദ്യമായല്ല സേവാഗ് ചെന്നൈ ടീമിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്. ചെന്നൈ ബാറ്റ്സ്മാൻമാർ ബാറ്റിങ്ങിനു വരും മുൻപ് ഗ്ലൂക്കോസ് ഉപയോഗിക്കണമെന്ന് ആഴ്ചകൾക്കു മുൻപ് സേവാഗ് ഉപദേശിച്ചിരുന്നു. താരങ്ങളുടെ മോശം പ്രകടനം തന്നെയാണ് ഇതിനും അടിസ്ഥാനമായത്. കൊൽക്കത്തയ്ക്കെതിരെ 168 റൺസ് വിജയലക്ഷ്യം നേടിയെടുക്കാവുന്ന സ്കോർ ആയിട്ടും ചെന്നൈ 10 റൺസിന്റെ തോല്‍വി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സേവാഗ് പുതിയ വിമർശനവുമായി രംഗത്തെത്തിയത്.
ചെന്നൈ നിരയിൽ ഡ്വെയ്ൻ ബ്രാവോ, ഷാർദൂല്‍ താക്കൂർ, രവീന്ദ്ര ജഡേജ തുടങ്ങിയവരെല്ലാം ബാറ്റ് ചെയ്യാനുള്ളപ്പോൾ എം.എസ്. ധോണി ഫോമിലല്ലാത്ത കേദാർ ജാദവിനെ ബാറ്റിങ്ങിന് വിട്ടതും വിമർശനങ്ങൾക്ക് ഇടയാക്കി. പതിവിലും നേരത്തേ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ക്യാപ്റ്റൻ ധോണി 12 പന്തിൽ 11 റൺസാണ് കൊൽക്കത്തയ്ക്കെതിരെ ആകെ നേടിയത്. ഐപിഎല്ലിൽ എട്ട് ഫൈനലുകൾ കളിച്ചിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സ് 2020 സീസണ് മോശം പ്രകടനത്തോടെയാണു തുടങ്ങിയത്. ആറ് മത്സരങ്ങളിൽനിന്ന് രണ്ട് കളികൾ ജയിക്കാൻ മാത്രമാണ് ചെന്നൈയ്ക്കു സാധിച്ചത്. ഒക്ടോബർ പത്തിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് സിഎസ്കെയുടെ അടുത്ത പോരാട്ടം.