സ്പുട്‌നിക് 5: വോളന്റിയര്‍മാര്‍ക്ക് പാര്‍ശ്വഫലങ്ങള്‍; വാക്‌സീന്‍ പരീക്ഷണം തുടര്‍ന്ന് റക്ഷ്യ

കുത്തിവയ്‌പ്പെടുത്ത ഏഴിലൊരു വോളന്റിയര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം തുടരുന്നു.

76 പേരില്‍ നടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിനിടെയാണ് ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ പ്രാഥമിക ഫലങ്ങള്‍ സെപ്റ്റംബര്‍ നാലിന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചു. കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് വേദന(44 പേരില്‍-58 % ), ഉയര്‍ന്ന താപനില(38 പേരില്‍-50 %), തലവേദന(32 പേരില്‍-42 %), ക്ഷീണം(21 പേരില്‍-28 % ), പേശികളിലും സന്ധികളിലും വേദന(18 പേരില്‍-24 % ) എന്നീ പാര്‍ശ്വഫലങ്ങളാണ് വോളന്റിയര്‍മാരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്നാല്‍ ഇവയെല്ലാം വോളന്റിയര്‍മാരുടെ ജീവന്‍ അപകടപ്പെടുത്താത്ത, തീവ്രത കുറഞ്ഞ പാര്‍ശ്വഫലങ്ങളാണെന്ന് വാക്‌സീന്‍ വികസനത്തിന് നേതൃത്വം നല്‍കുന്ന ഗമാലിയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജിയിലെ ഗവേഷകര്‍ പറയുന്നു. ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്നുണ്ടെന്നും ഇവയെല്ലാം പ്രതീക്ഷിച്ചതാണെന്നുമാണ് റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോയുടെ വാദം.

ലോകത്തിലേക്കും വച്ച തന്നെ ഏറ്റവും ആദ്യം റജിസ്റ്റര്‍ ചെയ്ത കോവിഡ് വാക്‌സീനാണ് റഷ്യയുടെ സ്പുട്‌നിക് 5. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് മുന്‍പുതന്നെ റഷ്യന്‍ അധികൃതര്‍ ഈ വാക്‌സീന് അംഗീകാരം നല്‍കിയത് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരില്‍ സംശയം ജനിപ്പിച്ചിരുന്നു. ലോകോരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ അനുമതി നല്‍കുമ്പോള്‍ സ്പുട്‌നിക് ആദ്യ ഘട്ട പരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് വാക്‌സീന് അനുമതി നല്‍കിയതെന്ന് റഷ്യ അവകാശപ്പെടുന്നു. ഓഗസ്റ്റില്‍ 40,000 വോളന്റിയര്‍മാരെ പങ്കെടുപ്പിച്ചുള്ള മൂന്നാം ഘട്ട പരീക്ഷണത്തിനും റഷ്യ തുടക്കം കുറിച്ചു. ഇതില്‍ 300 പേര്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular