ചൈനയുടെ നിരീക്ഷണ നീക്കം കേന്ദ്ര സർക്കാർ പരിശോധിക്കും. വിഷയം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി. രാജ്യത്തിന്റെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ചൈന നിരീക്ഷിക്കുകയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിഷയം പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇന്ത്യയിലെ പ്രമുഖരെ പിന്തുടർന്ന് എത്രത്തോളം വിവരങ്ങൾ ശേഖരിച്ചു എന്ന് പരിശോധിക്കും. രാജ്യത്തെ സൈബർ ഏജൻസികളുടെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും സഹായത്തോടെയാണ് പരിശോധിക്കുക.
അതിനിടെ രാജ്യത്തെ അതിർത്തി പങ്കിടുന്ന വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, സിക്കിം, നാഗാലാൻറ് കൂടാതെ കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെയും ലഡാക്കിലെയും 180ഓളം രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചൈനയുടെ നിരീക്ഷണ പട്ടികയിൽ ഉണ്ടെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ട അന്വേഷണ പരമ്പരയിലെ ഒടുവിലത്തെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ഇതിൽ മുപ്പതോളം പ്രമുഖർ ജമ്മുകശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
Leave a Comment