തെറ്റ് തിരുത്തിയാൽ ജോസ് കെ മാണിക്ക് തിരിച്ചെത്താമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. രണ്ടു തവണ ജോസ് കെ മാണി യുഡിഎഫിനെ ധിക്കരിച്ചു. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത് കടുത്ത അച്ചടക്ക ലംഘനവും വിശ്വാസ വഞ്ചനയുമാണ്. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞാൽ തകരുന്നതല്ല യുഡിഎഫ് സംവിധാനമെന്നും ബെന്നി ബഹനാൻ പറഞ്ഞു.
യുഡിഎഫ് വിട്ടു വരുന്നവരെ കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതായി ആ മുന്നണിയുടെ നേതൃത്വം പ്രഖ്യാപിച്ചു. തകരാൻ പോകുന്ന കപ്പലിൽ നിന്ന് നേരത്തേ മോചിതനായതിന്റെ സന്തോഷമായിരുന്നു ജോസ് കെ മാണിക്കും കൂട്ടർക്കും. ജോസ് വിഭാഗത്തെ യുഡിഎഫിൽ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസ്-മുസ്ലീം ലീഗ് നേതാക്കൾ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിള്ളലേറ്റത്. ഇത് ശ്രദ്ധേയമായൊരു രാഷ്ട്രീയ സംഭവ വികാസമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്ന ജോസ് കെ മാണിയെ ഒപ്പം കൂട്ടുമെന്ന സൂചനയാണ് കോടിയേരി ബാലകൃഷ്ണൻ നൽകിയത്. ഇതിന് മറുപടിയായാണ് ബെന്നി ബഹനാന്റെ പ്രതികരണം.
Leave a Comment