കോന്നി: വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് അടച്ച് പൂട്ടി ഉടമയും കുടംബവും മുങ്ങിയതോടെ നിക്ഷേപകർക്ക് ഏകദേശം 2000 കോടിയോളം രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമൺ. പരാതികൾ കൂടിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഉടമ കോടതിയിൽ പാപ്പർ ഹർജിയും കൊടുത്തിട്ടുണ്ട്. പത്തനംതിട്ടയ്ക്ക് അകത്തും പുറത്തുമായി 274 ശാഖകളാണുള്ളത്. നല്ല രീതിയിൽ പ്രവർത്തിച്ച് വന്ന സ്ഥാപനമായിരുന്നുവെങ്കിലും പെട്ടെന്നുണ്ടായ പ്രതിസന്ധിയാണ് തകർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.
ഉടമകളായ ഇണ്ടിക്കാട്ടിൽ റോയ് ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലുമടങ്ങുന്ന കുടുംബം വകയാറിൽ താമസിച്ചു വരികയായിരുന്നു. എന്നാൽ, രണ്ടാഴ്ച മുമ്പ് വകയാറിലെ ആസ്ഥാനം അടച്ച് കുടുംബം സ്ഥലം വിട്ടു. നിക്ഷേപകരുടെ പരാതിയിൽ പോപ്പുലർ ഫിനാൻസ് ഡയറക്ടർ ഇണ്ടിക്കാട്ടിൽ റോയി ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ എന്നിവർക്കെതിരേ കോന്നി പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേരളത്തിന് പുറമെ വിദേശ മലയാളികളുടെ ഇടയിലുമായി ഏകദേശം 1500-ലേറെ നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്.
ആസ്ഥാനം അടച്ചതോടെ മറ്റ് ശാഖകളും പൂട്ടിക്കൊണ്ടിരിക്കുകയാണ്. പണം തിരിച്ച് നൽകാൻ ആവശ്യപ്പെട്ട് നിക്ഷേപകർ എത്തിയതോടെയാണ് ഓഫീസ് അടച്ച് ഇവർ സ്ഥലം വിട്ടത്. നിലവിലെ സാഹചര്യത്തിൽ പണം മുഴുവൻ തിരിച്ച് കൊടുക്കാനുള്ള സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇവരുടെ മറ്റ് സ്ഥാപനങ്ങളെ കുറിച്ചും അന്വേഷണം നടത്തി വരികയാണെന്നും കെ.ജി സൈമൺ ചൂണ്ടിക്കാട്ടി. പതിനായിരം രൂപ മുതൽ 80 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവരുണ്ട്.
വീട് പണി, വിവാഹം, വാർദ്ധക്യകാല വരുമാനം എന്നിവയെല്ലാം ലക്ഷ്യം വെച്ചാണ് പലരും നിക്ഷേപം നടത്തിയത്. ഇവരെല്ലാം വലിയ ആശങ്കയിലാണ്. കഴിഞ്ഞ മാസം വരെ പലിശ കൃത്യമായി നൽകിയിരുന്നുവെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നുവെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. ചെറിയ തുക നിക്ഷേപിച്ചവരാണ് ആദ്യം പരാതിയുമായി എത്തിയത്. വൻ തുക നിക്ഷേപിച്ചവർ പലരും പരാതിയുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല.
നാല് വർഷമായി സ്ഥാപനത്തിന്റെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. രാജ്യം വിട്ട് പോകാതിരിക്കാൻ വിമാനത്താവളത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കോന്നി സി.ഐ പി.എസ് രാജേഷിനാണ് അന്വേഷണ ചുമതല. 1965-ൽ ആണ് സ്ഥാപനം തുടങ്ങിയത്. ചിട്ടിക്കമ്പനിയായി ആരംഭിച്ച് സ്വകാര്യ ഫിനാൻസ് സ്ഥാപനമായി മാറുകയായിരുന്നു.
Leave a Comment