ചിട്ടിക്കമ്പനിയായി തുടക്കം, 274 ബ്രാഞ്ചുകള്‍; പോപ്പുലര്‍ ഫിനാന്‍സ് പണം നല്‍കാനുള്ളത് ആയിരങ്ങള്‍ക്ക്

പത്തനംതിട്ട: 1965-ൽ ടി.കെ. ഡാനിയേൽ എന്നയാൾ വകയാറിൽ ആരംഭിച്ച ചിട്ടിക്കമ്പനിയാണ് പോപ്പുലർ ഫിനാൻസ് എന്ന പേരിൽ വളർന്നത്. ചിട്ടിക്കമ്പനിക്കൊപ്പം സ്വർണം പണയത്തിന്മേൽ വായ്പകളും നൽകിയിരുന്നു. പിതാവിന് പിന്നാലെ മകൻ തോമസ് ഡാനിയേൽ എന്ന റോയ് ഡാനിയേൽ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ സ്വർണപണ്ട പണയത്തിന് പുറമേ പലമേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. നിലവിൽ കേരളത്തിന്റെ വിവിധയിടങ്ങളിലായി 274 ബ്രാഞ്ചുകളാണ് ഈ കമ്പനിക്കുള്ളത്.

ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച കമ്പനി കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കിനൽകാതായതോടെയാണ് പരാതികൾ ഉയർന്നുവന്നത്. ഒന്നും രണ്ടും പരാതികൾ ദിവസങ്ങൾ പിന്നിട്ടപ്പോൾ നൂറിനടുത്തായി. ഇതോടെ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ തോമസ് ഡാനിയൽ, ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേൽ എന്നിവർ മുങ്ങുകയും ചെയ്തു.

കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കി നൽകാത്തതിന് കോന്നി പോലീസ് സ്റ്റേഷനിലാണ് ആദ്യം ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി 1600-ന് മേൽ നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 100 പേർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. 60 പേർ പരാതി അറിയിച്ചു. 100 കോടി രൂപയ്ക്ക് മേൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

നാലു വർഷമായി ബാങ്കിന്റെ പ്രവർത്തനം കുത്തഴിഞ്ഞരീതിയിൽ ആയിരുന്നെന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഉടമകൾ രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെറിയ തുക നിക്ഷേപമായി നൽകിയവരാണ് നിലവിൽ പരാതിയുമായി പോലീസിനെ ആശ്രയിച്ചിരിക്കുന്നത്. കോന്നിക്ക് പുറമേ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, മാന്നാർ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലും പരാതികൾ കിട്ടിയിട്ടുണ്ട്.

അതേസമയം, സ്ഥാപനത്തിൽ വൻ തുക നിക്ഷേപിച്ചവർ ഇപ്പോഴും മൗനം പാലിക്കുകയാണ്. വകയാറിലെ ഹെഡ് ഓഫീസ് അടഞ്ഞുകിടക്കുമ്പോഴും ബ്രാഞ്ചുകൾ പലയിടത്തും തുറക്കുന്നുണ്ട്. നിക്ഷേപകർ അവിടെയെത്തി ബഹളമുണ്ടാക്കുന്നു. ബ്രാഞ്ച് മാനേജർമാർ കേസിൽ കുടുങ്ങുമോ എന്ന ഭീതിയിലാണ്. ഇവർ മുൻകൈയെടുത്തതുകൊണ്ടാണ് ബ്രാഞ്ചുകളിൽ പലരും വൻ തുക നിക്ഷേപിച്ചത്. വീടുപണി, വിവാഹം, വാർദ്ധക്യകാലത്തെ വരുമാനം എന്നീ ലക്ഷ്യങ്ങൾ വെച്ചാണ് പലരും പണം നിക്ഷേപിച്ചത്. എന്നാൽ കമ്പനി ഉടമകൾ വഞ്ചിച്ചതോടെ ഇവരെല്ലാം നിരാശരാണ്.

പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കോന്നി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാൻ നിർദേശം നൽകിയതായി ജില്ലാപോലീസ് മേധാവി അറിയിച്ചു.

വിശദമായ റിപ്പോർട്ട് കോടതിക്ക് നൽകുമെന്നും നിലവിലെ അന്വേഷണസംഘം വിപുലീകരിച്ചതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ടു ക്രിമിനൽ കേസ് ആണ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ ഇതുമായി ചേർക്കും. നിലവിൽ കോന്നി പോലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷിന്റെ നേതൃത്വത്തിൽ കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെയും പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം രജിസ്റ്റർ ചെയ്ത കേസുകളുടെയും അന്വേഷണം നടത്തിവരികയാണ്.

അടൂർ ഡിവൈ.എസ്.പി. ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പുതിയസംഘം കേസുകൾ അന്വേഷിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

pathram desk 1:
Leave a Comment