ന്യൂഡൽഹി: കോൺഗ്രസിലെ കത്ത് വിവാദത്തിനു പിന്നാലെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. ഗുലാം നബി ആസാദുൾപ്പെടെ 23 കോൺഗ്രസ് നേതാക്കൾ കത്തിൽ ഉന്നയിച്ച വിഷയം ഗൗരവകരമായി പരിഗണിക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പുനൽകിയെന്നാണ് വിവരം. രാഹുൽ ഗാന്ധി ഗുലാം നബിയേയും കപിൽ സിബലിനേയും ഫോണിൽ വിളിച്ച് ബിജെപിയുമായി കൂട്ടുചേർന്നാണ് കത്തയച്ചതെന്ന ആരോപണം താൻ ഉന്നയിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നേതൃമാറ്റം ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് ഉൾപ്പെടെ 23 നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന് എഴുതിയ കത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് തുടക്കമായത്. കത്തെഴുതിയവർക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം രാഹുൽ ആരോപിച്ച ബി.ജെ.പി ബന്ധം തെളിഞ്ഞാൽ രാജിവെക്കാൻ തയ്യാറാണെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു. ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തെ ഒരിക്കലും ഞങ്ങൾ വിമർശിക്കുന്നില്ല. അതായിരുന്നില്ല കത്തിന്റെ ഉദ്ദേശം. എന്നാൽ കത്തിനെ പലരീതിയിൽ വ്യാഖ്യാനിച്ചു ഗുലാം നബി ആസാദ് പറഞ്ഞു.
കത്ത് പുറത്തുവന്നതിനു പിന്നാലെ ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വലിയ വിമർശനമാണ് കോൺഗ്രസിൽ ഉയർന്നത്. കത്തെഴുതിയ 23 നേതാക്കൾക്കെതിരെ അച്ചടക്ക നടപടി വേണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ആവശ്യമുയർന്നിരുന്നു.
Leave a Comment