ദുബായ് : നാട്ടിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ലൈകോയുമായി ചേർന്ന് നടത്തുന്ന പ്രവാസി സ്‌റ്റോർ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്കരിച്ച എൻഡിപിആർഎം പദ്ധതിയുടെ ഭാഗമായാണിത്.
15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകകൾ വഴി വായ്പ അനുവദിക്കും. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട ആരംഭിക്കാം. 700 ചതുരശ്ര അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടത്തിൽ മാവേലി സ്റ്റോർ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടത്തിൽ സൂപ്പർമാർക്കറ്റ് മാതൃകയിലും കടകൾ ആരംഭിക്കുന്നതിനാണ് അനുവാദം. കടയുടെ ഫർണിഷിങ്, കംപ്യൂട്ടർ, ഫർണിച്ചർ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവർ വഹിക്കണം. അടുത്ത സമയത്ത് നാട്ടിലേക്ക് മടങ്ങിയവർക്കാണ് മുൻഗണന.
സപ്ലൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങൾ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നൽകും. ഗ്രാമപ്രദേശങ്ങളിൽ അഞ്ചു കിലോ മീറ്റർ പരിധിയിലും മുനിസിപ്പാലിറ്റിയിൽ നാലു കിലോ മീറ്റർ പരിധിയിലും സപ്ലൈകോയുടെ ഏതെങ്കിലും വിൽപനശാലയുണ്ടെങ്കിൽ പ്രവാസി സ്റ്റോർ അനുവദിക്കില്ല. കോർപറേഷനിൽ മൂന്നു കിലോമീറ്ററാണ് പരിധി. സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യിൽ നൽകാം. ഫോൺ: 0471 2329738, 232O101. വാട്സാപ്: 8O78258505 ഇ–മെയിൽ: loannorka@gmail.com . ടോൾ ഫ്രീ നമ്പർ.1800 4253939 (ഇന്ത്യയിൽ നിന്നും) 00918802012345 ( വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം)
Leave a Comment