പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരം

ന്യുഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ആരോഗ്യ നില കൂടുതല്‍ വഷളായി. അദ്ദേഹത്തിന് ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സൈനിക ആശുപത്രി ബുധനാഴ്ച പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രണബിന് വെന്റിലേറ്റര്‍ സഹായം തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഈ മാസം 10നാണ് 84കാരനായ പ്രണബിനെ ഡല്‍ഹി ആര്‍മി റിസേര്‍ച് ആന്റ് റെഫറല്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അതിനു മുന്‍പ് നടത്തിയ പതിവ് മെഡിക്കല്‍ പരിശോധനയില്‍ അദ്ദേഹത്തില്‍ കൊവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രണബ് തന്നെ ട്വിറ്റ് ചെയ്തിരുന്നു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും താനുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

2012 മുതല്‍ 2017 വയൊണ് പ്രണബ് രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപനായി സേവനം അനുഷ്ഠിച്ചത്. 13ാമത് രാഷ്ട്രപതിയായിരുന്നു അദ്ദേഹം. പ്രണബിന്റെ ആരോഗ്യത്തിനായി ജന്മനാടായ പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ ജപേശ്വര്‍ ശിവ ക്ഷേത്രത്തില്‍ മഹാ മൃത്യഞ്ജയ യജ്ഞവും നാട്ടുകാര്‍ നടത്തിയിരുന്നു.

pathram:
Leave a Comment