ഡ്രൈവിങ്‌ ലൈസന്‍സ് ഉപേക്ഷിച്ചാൽ പണി കിട്ടും

ഓട്ടോ, ടാക്സി, ബസ്, ലോറി തുടങ്ങിയ വാഹനങ്ങൾ ഓടിക്കാനാണ് ട്രാൻസ്പോർട്ട് ലൈസൻസ് വേണ്ടത്. സ്ഥലത്തില്ലാത്തതിനാൽ ലൈസൻസ് പുതുക്കാൻ കഴിയാത്ത പ്രവാസികൾക്കും പിഴ അടയ്ക്കേണ്ടിവരുന്നുണ്ട്. ട്രാൻസ്പോർട്ട്, സ്വകാര്യവാഹനങ്ങളുടെ ലൈസൻസ് കാലാവധിയിലെ വ്യത്യാസമാണ് ഇതിനു കാരണം. ഇവ വെവ്വേറെ പുതുക്കണം.

ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് അഞ്ചുവർഷം കൂടുമ്പോൾ പുതുക്കണം. സ്വകാര്യവാഹനങ്ങളുടേത് 20 വർഷത്തേക്കോ അല്ലെങ്കിൽ അപേക്ഷകന്റെ 40 വയസ്സുവരെയോ ആണ് ആദ്യം അനുവദിക്കുന്നത്. ഹെവി, ട്രാൻസ്പോർട്ട് ലൈസൻസുകളുള്ളവർക്ക് ആ വിഭാഗംമാത്രം അഞ്ചുവർഷം കൂടുമ്പോൾ പുതുക്കേണ്ടിവരും.

ഡ്രൈവിങ് ജോലി വിടുന്നവർ ട്രാൻസ്പോർട്ട് ലൈസൻസ് ഉപേക്ഷിക്കാറുണ്ട്. ഇതിനൊപ്പമുള്ള ഇരുചക്ര, നാലുചക്ര ലൈസൻസ് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കും. അവയുടെ കാലാവധി തീരുമ്പോഴാണ് ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നത്. മൊത്തത്തിലുള്ള പിഴയടയ്ക്കാതെ ഇരുചക്ര, നാലുചക്ര വാഹനങ്ങളുടെ ലൈസൻസ് പുതുക്കി നൽകില്ല. ട്രാൻസ്പോർട്ട് ലൈസൻസ് പുതുക്കാതെ കിടന്ന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. ഒരുവർഷത്തേക്ക് 1000 രൂപയാണ് പിഴ.

വിദേശത്തും മറ്റും ജോലിതേടി പോയവർ നാട്ടിലെത്തുമ്പോൾ ഇരുചക്ര ലൈസൻസെങ്കിലും നിലനിർത്തണമെങ്കിൽ ട്രാൻസ്പോർട്ട് ലൈസൻസിന്റെയും പിഴനൽകണം. മുമ്പ് ഉപയോഗിച്ചിരുന്ന സ്മാർട്ട് മൂവ് സംവിധാനത്തിൽ റദ്ദാക്കുന്ന ലൈസൻസുകൾക്ക് പിഴ ഒഴിവാക്കിയിരുന്നു. പുതുക്കിയാൽമാത്രം പിഴ നൽകിയാൽ മതിയായിരുന്നു.

ബാഡ്ജ് വിതരണത്തിലും അപാകമുണ്ട്. ഹെവി വാഹനങ്ങൾ ഓടിക്കാൻ മാത്രമാണ് ഇപ്പോൾ ബാഡ്ജ് വേണ്ടത്. മുമ്പ് ലൈറ്റ് മോട്ടോർ വിഭാഗത്തിലെ ടാക്സി വാഹനങ്ങൾക്കും ബാഡ്ജ് നിർബന്ധമായിരുന്നു. ഇവയുടെ ലൈസൻസ് പുതുക്കുമ്പോൾ ബാഡ്ജ് റദ്ദാകും. ഇതേ അപേക്ഷകൻ വീണ്ടും ഹെവി ലൈസൻസിന് അപേക്ഷിച്ചാൽ പുതിയ ബാഡ്ജിനും പണം അടയ്ക്കേണ്ടിവരും. ഒരിക്കൽ റദ്ദാക്കിയ ബാഡ്ജിനാണ് വീണ്ടും അപേക്ഷ നൽകേണ്ടിവരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular