കോവിഡ് പോസിറ്റീവ് ആയശേഷം 28 ദിവസത്തിനുള്ളിൽ മരിച്ചവരെ മാത്രം കോവിഡ് മരണങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ നിർദേശം

ലണ്ടൻ: കോവിഡ് മരണത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബ്രിട്ടൻ മരണസംഖ്യ ഒറ്റയടിക്ക് അയ്യായിരം കുറച്ചു. സർക്കാർ നൽകുന്ന കണക്കിനേക്കാൾ പതിനായിരം പേരെങ്കിലും കൂടുതലായി കോവിഡ് മൂലം മരിച്ചിട്ടുണ്ടാകുമെന്ന് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സും നഴ്സിങ് മേഖലയിലെ വിവിധ ചാരിറ്റികളും ആവർത്തിക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ വീണ്ടും ഔദ്യോഗിക മരണസംഖ്യ കുറച്ചു കാണിക്കുന്നത്.

കോവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടാനായി എന്ന് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമാണ് ബ്രിട്ടന്റെ ഈ നടപടി. ലിസ്റ്റിൽനിന്നും പുറത്തായവരുടെ കുടുംബങ്ങൾക്ക് കോവിഡ് മൂലം മരിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളും സഹായങ്ങളും നഷ്ടമാകാൻ ഇത് ഇടയാക്കും.

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയശേഷം 28 ദിവസത്തിനുള്ളിൽ മരിച്ചവരെ മാത്രം കോവിഡ് മരണങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ നിർദേശം. കോവിഡ് മരണങ്ങൾ കണക്കാക്കുന്നതിനെക്കുറിച്ച് പുനഃപരിശോധന നടത്തിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ആണ് മാനദണ്ഡങ്ങൾ മാറ്റിക്കുറിക്കാൻ സർക്കാരിനോട് നിർദേശിച്ചത്.

46.706 ആയിരുന്നു ഇന്നലെ വരെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക സംഖ്യ. ഇതിൽ രോഗം സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളിൽ മരിച്ചവർ 41,329 ആണ്. ഇതായിരിക്കും ഇനിമുതൽ ബ്രിട്ടന്റെ ഔദ്യോഗിക കോവിഡ് മരണക്കണക്ക്.

56,800 പേർ കോവിഡ് മൂലം മരിച്ചിട്ടുണ്ടെന്ന് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ആവർത്തിച്ചു പറയുന്നതിനിടെയാണ് മാനദണ്ഡം മാറ്റി അയ്യായിരത്തിലേറെ പേരെ സർക്കാർ മരണക്കണക്കിൽനിന്നും ഒഴിവാക്കിയത്.

pathram desk 1:
Leave a Comment