‘ബാലഭാസ്കറിന്റെ മരണം: അപകട സ്ഥലത്ത് സരിത്തും ഒരു പ്രമുഖ കലാകാരനും’

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തിയ കലാഭവൻ സോബിയുമായി സിബിഐ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ തെളിവെടുപ്പു നടത്തി. അപകടത്തിനു മുൻപു ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നെന്ന സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സോബി ക്രൈംബ്രാ‍ഞ്ചിനു നൽകിയ മൊഴിയിൽ ഇങ്ങനെ പറഞ്ഞിരുന്നില്ല. മാത്രമല്ല, അപകടം നടന്ന കാറിൽ നിന്നു ചില പെട്ടികൾ മറ്റൊരു വാഹനത്തിൽ കയറ്റിയതു കണ്ടെന്ന പഴയ മൊഴി മാറ്റുകയും ചെയ്തു.

2018 സെപ്റ്റംബർ 25ന് താൻ ചാലക്കുടിയിൽ നിന്നു തിരുനെൽവേലിയിലേക്കു കാറിൽ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിന് ഏകദേശം 3 കിലോമീറ്റർ മുൻപ് പെട്രോൾ പമ്പിനടുത്തു വച്ച് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടതു കണ്ടെന്നാണു സോബിയുടെ പുതിയ മൊഴി. എന്നാൽ പമ്പ് ജീവനക്കാരും സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസുകാരും രക്ഷാപ്രവർത്തകരും ഇതു തള്ളി.

സോബിയുടെ മൊഴി: ‘‘മംഗലപുരം കുറക്കോടുള്ള പമ്പിനകത്തു കാറിൽ വിശ്രമിക്കുമ്പോൾ പുറത്തു വെളുത്ത കാറിൽ കുറച്ചു പേർ മദ്യപിച്ചിരിക്കുന്നതു കണ്ടു. അതുവഴി വന്ന നീല ഇന്നോവ കാർ അവിടെ നിർത്തി. മദ്യപിച്ചിരുന്നവർ ഇരുമ്പു വടിയുമായി കാറിനടുത്തെത്തി സംസാരിക്കുകയും പിന്നിലെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു.

ഇപ്പോൾ സ്വർണക്കടത്തു കേസിൽ പിടിയിലായ സരിത്ത് അപ്പോൾ അവിടെ ഉണ്ടായിരുന്നു’’ – അന്വേഷണ സംഘത്തെ സോബി അറിയിച്ചു. ഒരു പ്രമുഖ കലാകാരനും സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നുവെന്നും നുണപരിശോധനയ്ക്കു തയാറാണെന്നും സോബി പറഞ്ഞു.

എന്നാൽ, സോബി വിശ്രമിച്ചതായി പറയുന്ന പമ്പിലെ ജീവനക്കാർ രാത്രി 11നു ശേഷം പമ്പ് പ്രവർത്തിച്ചിരുന്നില്ലെന്നും അവിടെ വെളിച്ചമില്ലെന്നും സിബിഐയെ അറിയിച്ചു. അപകടം നടന്നു മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ കെഎസ്ആർടിസി ഡ്രൈവർ അജി, മംഗലപുരം സ്റ്റേഷനിലെ പൊലീസുകാർ എന്നിവരിൽ നിന്നും സിബിഐ വിവരം ശേഖരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular