‘പ്രതിദിനം 10,000 മുതല്‍ 20,000 വരെ രോഗികളുണ്ടായേക്കും’; സെപ്തംബറില്‍ കൊവിഡ് ബാധ കുതിച്ചുയരാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരവേ രോഗവ്യാപനം പലമടങ്ങാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി. സെപ്തംബര്‍ മാസത്തില്‍ പ്രതിദിനം പതിനായിരം മുതല്‍ ഇരുപതിനായിരം വരെ രോഗികള്‍ ഉണ്ടായേക്കുമെന്ന് കെ കെ ശൈലജ പറഞ്ഞു. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള കണക്കുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് മന്ത്രി സ്ഥിതി ഇനിയും വഷളായേക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്നതിന്റെ മാനദണ്ഡം മാറ്റാന്‍ ഒരു വിദഗ്ധ സമിതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. ലോക ആരോഗ്യ സംഘടനയുടേയും ഐസിഎംആറിന്റേയും മാനദണ്ഡങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ പിന്തുടരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്‍ ചാനലിനോടായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

സംസ്ഥാനത്ത് ഇന്ന് 1,564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 766 പേര്‍ രോഗമുക്തരായി. 1,380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. 98 കേസുകളുടെ ഉറവിടം അറിയാന്‍ കഴിഞ്ഞിട്ടില്ല. വിദേശത്തുനിന്നെത്തിയ 60 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 100 പേരും 15 ഹെല്‍ത്ത് വര്‍ക്കര്‍മാരും ഇന്ന് കൊവിഡ് ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്ന് മരണങ്ങള്‍ കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചു..ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ (63) എന്നിവരുടെ പരിശോധനാഫലമാണ് എന്‍ഐവി ആലപ്പുഴ പുറത്തുവിട്ടത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 434, മലപ്പുറം 202, പാലക്കാട് 202, എറണാകുളം 115, കോഴിക്കോട് 98, കാസര്‍ഗോഡ് 79, പത്തനംതിട്ട 75, തൃശൂര്‍ 75, കൊല്ലം 74, ആലപ്പുഴ 72, കോട്ടയം 53, ഇടുക്കി 31, കണ്ണൂര്‍ 27, വയനാട് 27.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം197, എറണാകുളം 109, കൊല്ലം 73, ആലപ്പുഴ 70, പാലക്കാട് 67, മലപ്പുറം 61, തൃശൂര്‍ 47, വയനാട് 30, കാസര്‍ഗോഡ് 28, കണ്ണൂര്‍ 25, ഇടുക്കി 22, കോട്ടയം 17, കോഴിക്കോട് 12, പത്തനംതിട്ട 8.

pathram desk 1:
Leave a Comment