സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം: അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയടക്കം അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കൂടുതല്‍ അറസ്റ്റ്. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് മൂവാറ്റുപുഴയില്‍നിന്ന് എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതില്‍ മുഹമ്മദലി ഇബ്രാഹിം അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ കെ.ടി. റമീസില്‍നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് രണ്ടുപേരെയും എന്‍.ഐ.എ. സംഘം പിടികൂടുകയായിരുന്നു. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തെ ഹോട്ടലുകളില്‍വെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 24, 26 തീയതികളിലാണ് പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തത്.

അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായത് നിര്‍ണായക വഴിത്തിരിവാണെന്നാണ് എന്‍.ഐ.എ. സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തല്‍ സാധൂകരിക്കുന്നതാണിത്. കേസിന്റെ തുടരന്വേഷണത്തില്‍ തീവ്രവാദബന്ധം തെളിയിക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

pathram:
Leave a Comment