ബെംഗളൂരു: കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷ സംബന്ധിച്ച് കര്‍ണാടകയിലെ ബി.എസ്. യെഡിയുരപ്പ സര്‍ക്കാര്‍ ഡിജിപി പ്രവീണ്‍ സൂദിനോടു റിപ്പോര്‍ട്ട് തേടി. രണ്ടു സംസ്ഥാനങ്ങളിലും ഗണ്യമായ തോതില്‍ ഐഎസ് ഭീകരരുണ്ടെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖായ്ദ സാന്നിധ്യമുണ്ടെന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണു പുറത്തുവന്നത്.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഭീകരരാണ് ഈ സംസ്ഥാനങ്ങളില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ സംസ്ഥാന പൊലീസും എന്‍ഐഎയും നടത്തിയ അറസ്റ്റുകള്‍ കണക്കിലെടുത്താണ് യുഎന്നിന്റെ റിപ്പോര്‍ട്ടെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബെമ്മൈ പറഞ്ഞു. കേന്ദ്രവുമായും അയല്‍സംസ്ഥാനങ്ങളുമായും സഹകരിച്ച് തീവ്രസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു, ഉഡുപ്പി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന രണ്ട് സംഘടനകളെ നിര്‍വീര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് അല്‍ഹിന്ദ് എന്ന പേരില്‍ സംഘടന ആരംഭിച്ച 17 ഐഎസ് അനുകൂലികള്‍ക്കെതിരെ ജൂലൈ 13-ന് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബെംഗളൂരുവിലെ ഗുരപ്പനപാലയിലുള്ള മെഹബൂബ് പാഷ എന്നയാള്‍ ക്വാജ മൊഹിദീന്‍, സാദിഖ് ബാഷ എന്നിവരുമായി ചേര്‍ന്ന് അല്‍ഹിന്ദ് രൂപീകരിച്ചുവെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനായി ഇവര്‍ വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചതായും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി നിര്‍ണായക രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.
Leave a Comment