സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ സംഘത്തിലെ ഷൗക്കത്തലി ഐപിഎസ് സാധ്യതാ പട്ടികയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി.എസ്പി എ.പി. ഷൗക്കത്തലി ഐപിഎസ് ലഭിക്കേണ്ടവരുടെ സാധ്യതാ പട്ടികയില്‍. ഐപിഎസ് ലഭിക്കേണ്ട ഉദ്യോഗസ്ഥരുടെ 2018ലെ പട്ടികയിലാണ് ഷൗക്കത്തലി ഉള്‍പ്പെട്ടിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം ടി.പി. കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ.വി.സന്തോഷും പട്ടികയിലുണ്ട്. നിലവിലുള്ള 11 ഒഴിവുകള്‍ക്കായി 33 പേരുടെ പട്ടികയാണ് യുപിഎസ്‌സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

പട്ടികയില്‍ ഷൗക്കത്തലി പതിനൊന്നാമനാണ്. കെ.വി. സന്തോഷ് പതിമൂന്നാമനും. 2017ലെ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ഇപ്പോഴും ഐപിഎസ് ലഭിച്ചിട്ടില്ല. അവര്‍ക്ക് ഐപിഎസ് ലഭിക്കുന്നതിനനുസരിച്ചു മാത്രമേ 2018ലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഐപിഎസ് ലഭിക്കൂ. ഈ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഈ വര്‍ഷം ഐപിഎസ് ലഭിക്കാനുള്ള സാധ്യതയില്ല.

സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘത്തെയും സിപിഎം പ്രാദേശിക നേതാക്കളെയും ജയിലിലാക്കിയത് എ.പി.ഷൗക്കത്തലി ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍, ടിപി കേസിലെ അന്വേഷണസംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധാന ചുമതല നല്‍കിയില്ല.

ഷൗക്കത്തലി എന്‍ഐഎയിലേക്കു ഡെപ്യൂട്ടേഷനില്‍ പോയി. ആ ഉദ്യോഗസ്ഥന്റെ മുന്നിലേക്കുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെ വിവാദത്തിലായ കേസിന്റെ ചുമതല എത്തുകയായിരുന്നു. പിഎസ്‌സിയുടെ എസ്‌ഐ റാങ്ക് പട്ടികയില്‍ ഒന്നാമനായിരുന്നു ഷൗക്കത്തലി. മൂന്നാം റാങ്കുകാരനായിരുന്നു കെ.വി.സന്തോഷ്.

pathram:
Leave a Comment