കോവിഡില്‍ തകര്‍ന്ന ജീവിതം കരകയറ്റാന്‍ വായ്പതേടി ബാങ്കില്‍; ചായക്കടക്കാരന് കിട്ടിയത് 50 കോടിയുടെ ഷോക്ക്

ചണ്ഡീഗഡ്: കോവിഡ് വ്യാപനത്തിനിടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ചായ വില്‍പ്പനക്കാരന് ഇരട്ടി പ്രഹരം നല്‍കി ബാങ്ക്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ വഴയരികില്‍ ചായക്കട നടത്തുന്ന രാജ്കുമാറിനെയാണ് 50 കോടിയുടെ ലോണിന് ഉടമയാക്കി ബാങ്കുകാര്‍ ഞെട്ടിച്ചത്.

കോവിഡ് വ്യാപനം കാരണം കച്ചവടം മോശമായതിനാല്‍ മറ്റെന്തെങ്കിലും വ്യാപാരം തുടങ്ങാനാണ് രാജ്കുമാര്‍ ബാങ്കില്‍ ലോണിന് അപേക്ഷിക്കാനായി എത്തിയത്. എന്നാല്‍ ലോണിനുള്ള അപേക്ഷ ബാങ്ക് നിരസിച്ചു. അപേക്ഷ നിരസിക്കാനുള്ള കാരണമാണ് രാജ്കുമാറിനെ ഞെട്ടിച്ചത്. 50 കോടി രൂപയുടെ വായ്പ രാജ്കുമാര്‍ തിരിച്ചടയ്ക്കാനുണ്ടെന്നും അത് അടയ്ക്കാതെ പുതിയ ലോണ്‍ തരാനാകില്ലെന്നുമാണ് ബാങ്ക് കാരണമായി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ അത്തരത്തില്‍ ഒരു ലോണിനെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് രാജ്കുമാര്‍ പറയുന്നത്. ‘കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് എന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാലാണ് ഞാന്‍ ലോണിന് അപേക്ഷ നല്‍കിയത്. എന്നാല്‍ എനിക്ക് 50 കോടി രൂപയുടെ വായ്പ തിരിച്ചടവ് ഉണ്ടെന്നാണ് ബാങ്ക് പറയുന്നത്. ഇത് എങ്ങനെയാണ് നടക്കുക എന്ന് എനിക്കറിയില്ല. ഞാന്‍ എപ്പോഴാണ് ഇത്രയും തുക ലോണ്‍ എടുത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആരാണ് എന്റെ പേരില്‍ ഇതു ചെയ്തത്, എപ്പോഴാണ്..ഒന്നും അറിയില്ല’– രാജ്കുമാര്‍ പറഞ്ഞു.

വഴിയരികില്‍ ചായ വില്‍ക്കുന്നതാണ് രാജ്കുമാറിന്റെയും കുടുംബത്തിന്റെയും ഏക വരുമാനമാര്‍ഗം. എന്നാല്‍ മഹാമാരിക്കാലത്ത് കച്ചവടം മോശമായതിനാല്‍ പുതിയ കച്ചവടം തുടങ്ങാനായാണ് രാജ്കുമാര്‍ ലോണിന് അപേക്ഷിക്കാന്‍ പോയത്. ആധാര്‍ കാര്‍ഡും മറ്റു രേഖകളും നല്‍കാന്‍ ബാങ്ക് ആവശ്യപ്പെട്ടപ്പോഴാണ് ഇത്രയും വലിയ ബാധ്യതയുടെ കാര്യം ഇയാള്‍ അറിയുന്നത് തന്നെ. ഇപ്പോള്‍ ആരാണ് തന്റെ പേരില്‍ ഇത്രയും തുക വായ്പ എടുത്തതെന്നും ഈ തുക തിരിച്ചടയ്‌ക്കേണ്ടി വരുമോയെന്നുമുള്ള ആശങ്കയിലാണ് ഇയാള്‍.

pathram:
Leave a Comment