തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിലെത്തിയത് കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എന്‍ഐഎ പോലെയൊരു അന്വേഷണസംഘം കടന്നുചെന്ന ചരിത്രം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് കേരളത്തിന് അപമാനം വിളിച്ചുവരുത്തുന്ന സംഭവമാണ് ഇത്. എന്നാല്‍ ഇത്രയും അതീവഗുരുതരമായ സംഭവം നടന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ സംസാരിക്കുന്നത്. എവിടെ വേണമെങ്കിലും അന്വേഷണം നടക്കട്ടെ, അരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ എന്ന നിലപാട് അപഹാസ്യമാണ്.
സംഭവത്തെക്കുറിച്ച് താനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത കാര്യങ്ങള്‍ നടന്നിട്ടും അതൊക്കെ മഹത്വവത്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് എന്‍ഐഎയുടെ അടുത്ത നീക്കമുണ്ടാവുക. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മാന്യമായി രാജിവെച്ചുപോവാനുള്ള അവസാനത്തെ അവസരമാണ് ഇത്. മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടേ രാജിവെക്കൂ എന്ന നിര്‍ബന്ധം പാടില്ല.
എല്‍ഡിഎഫിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ വരെ അന്വേഷണസംഘം എത്തിയിട്ടും എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ എന്തുകൊണ്ടാണ് അഭിപ്രായം പറയാത്തത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള മുന്നണിയാണെങ്കില്‍ ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഘടകകക്ഷികളുടെ നിലപാട് അറിയാന്‍ തനിക്ക് താല്‍പര്യമുണ്ട്.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ആദ്യം മുതല്‍ ശ്രമിക്കുന്നത്. എം ശിവശങ്കര്‍ക്ക് നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം മുതല്‍ തന്നെ ശിവശങ്കറെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പ് കേസിലെ പ്രതികളെ പൂര്‍ണമയും സഹായിക്കുകയാണ് ചെയ്തത്.
എന്ത് ജോലിയാണ് ഈ കേസില്‍ കേരള പോലീസ് ചെയ്തത്. കേരളത്തില്‍ നിന്നും ബംഗ്ലൂരിലേക്ക് പോയ പ്രതികള്‍ക്ക് യാത്രസൗകര്യം ഒരുക്കിക്കൊടുത്തത് കേരള പോലീസ് അല്ലേ? കേരളത്തിന്റെ എബ്ലം ദുരുപയോഗപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടും കേരള പോലീസ് നടപടി സ്വീകരിച്ചിട്ടില്ല, കള്ളക്കടത്ത് സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തേക്ക് വന്നാല്‍ അത് പിടിക്കേണ്ട ഉത്തരവാദിത്തം കേരള പോലീസിനാണ്. അതും ഉണ്ടായില്ല. തുടക്കം മുതല്‍ നിഷ്‌ക്രിയമായി ഇരുന്നുകൊണ്ട് കേരള പോലീസ് പ്രതികളെ സഹായിക്കുകയായിരുന്നു. അത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.
പ്രതിപക്ഷമാണ് കണ്‍സള്‍ട്ടന്‍സി നിയമനത്തിലെ അപാകതകള്‍ പുറത്തുകൊണ്ടുവന്നത്. കേരളത്തില്‍ കണ്‍സള്‍ട്ടന്‍സികളെ മുട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ അവരുടെ പ്രോജക്ട് റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഒരു പദ്ധതി കേരളത്തില്‍ ആരംഭിച്ചിട്ടുണ്ടോ? മുഖ്യമന്ത്രി മറുപടി പറയണം.
സ്വര്‍ണക്കള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം, കണ്‍സള്‍ട്ടന്‍സി നിയമനം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്, കണ്‍സള്‍ട്ടന്‍സികളിലൂടെയുള്ള നിയമനം, ഇവയെല്ലാം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം.
മുഖ്യമന്ത്രി രാജിവെക്കണം, സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം എന്നിവ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രണ്ട് സമരങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. ഓഗസ്ത് ഒന്നിന് കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും അവരുടെ വീടുകളിലോ ഓഫീസിലോ സത്യാഗ്രഹം അനുഷ്ഠിക്കും. സ്പീക്ക് അപ്പ് കേരള എന്ന പേരില്‍. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളോട് വിശദീകരിക്കും. ഓഗസ്ത് 10ന് 21000ല്‍പ്പരം പഞ്ചായത്ത് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സത്യാഗ്രഹം ഇരിക്കും. സ്പീക്ക് അപ്പ് കേരള സമരത്തില്‍ പങ്കുചേരും.
Leave a Comment