എറണാകുളത്ത് സമൂഹ വ്യാപന ആശങ്കയ്ക്കിടയില്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം ആയിരത്തിലേക്ക്. ഇതുവരെ 972 പേര്‍ക്കാണു ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 570 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു വൈറസ് ബാധ. ഇതുവരെ കോവിഡ് പോസിറ്റീവായവരില്‍ 60% പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതു പ്രാദേശിക സമ്പര്‍ക്കത്തിലൂടെ. നിലവില്‍ 764 പേരാണു ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ രോഗമുക്തരായി.
ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവിടങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതോടെ കഴിഞ്ഞ 10 ദിവസത്തിലാണു പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായത്. 10 ദിവസത്തില്‍ 586 പേരാണു കോവിഡ് പോസിറ്റീവായത്. ചെല്ലാനത്ത് 211, ആലുവയില്‍ 74, കീഴ്മാട് 77 എന്നിങ്ങനെയാണു നിലവില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം. നിലവില്‍ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ 90% പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു വൈറസ് ബാധിക്കുന്നത്. കോവിഡ് ബാധിച്ച് ജില്ലയില്‍ ഇതുവരെ 5 പേര്‍ മരിച്ചു. ഇതില്‍ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു കോവിഡ് ബാധിച്ചത്. 2 പേര്‍ക്കു മരണശേഷമാണു കോവിഡ് സ്ഥിരീകരിച്ചത്.
FOLLOW US: PATHRAM ONLINE
Leave a Comment