കോവിഡ് സ്ഥിര‍ീകരിച്ചവരുമായി നേരിട്ടു സമ്പർക്കമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ

കോവിഡ് രൂക്ഷമാകുന്നതിനൊപ്പം ആശങ്കകളും പരക്കുകയാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പൊതുവായി അറിയേണ്ട ചില കാര്യങ്ങൾ ആരോഗ്യ പ്രവർത്തകർ പങ്കുവയ്ക്കുന്നു.

1. വീട്ടിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചാൽ, ആ വീട്ടിലുള്ളവർ പ്രൈമറി കോണ്ടാക്ട് (രോഗിയുമായി നേരിട്ടു സമ്പർക്കമുള്ളവർ) ആകും. രോഗിയുമായി അവസാനം സഹകരിച്ച ദിവസം മുതൽ 14 ദിവസം, മുറിക്കു പുറത്തിറങ്ങാതെ ക്വാറന്റീനിൽ കഴിയണം. അവശ്യ സാധനങ്ങൾ സന്നദ്ധ പ്രവർത്തകർ എത്തിക്കും. നിശ്ചിത സമയത്ത് കോവിഡ് പരിശോധന നടത്തണം. വീട്ടിലെ രോഗസാധ്യത കൂടിയ വ്യക്തികൾക്കു പ്രത്യേക മുറിയും ശുചിമുറിയും മാറ്റിവയ്ക്കണം.

2. രോഗിയുമായ‍ി നേരിട്ടു സമ്പർക്കത്തിലുണ്ടായിരുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കും രോഗസാധ്യതയുള്ളതിനാൽ സെക്കൻഡറി കോണ്ടാക്ട് എന്നു പറയും. രോഗിയുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഇവർക്കു ക്വാറന്റീൻ നിർബന്ധം. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ സ്രവപരിശോധന വേണം.

3. കോവിഡ് ബാധിതന്റെ പ്രൈമറി കോണ്ടാക്ട് ആയവർക്കു കോവിഡ് സ്ഥിരീകരിച്ചാൽ, സെക്കൻഡറി കോണ്ടാക്ടുമായി ബന്ധപ്പെട്ടവരും ക്വാറന്റീനിൽ പോകേണ്ടി വരും. അല്ലെങ്കിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ഉൾപ്പെടെ സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചാൽ മതിയാകും.

4. കോവിഡ് സ്ഥിര‍ീകരിച്ചവരുമായി നേരിട്ടു സമ്പർക്കമുണ്ടായി 5 ദിവസത്തിനു ശേഷം സ്രവ പരിശോധന നടത്തുന്നതാണ് രോഗമുണ്ടോ എന്നു കണ്ടെത്താൻ ഉചിതം.

5. കോവിഡ് ബാധിച്ചയാളുടെ വീടിനടുത്തു താമസിക്കുന്ന ഒരാൾ, രോഗബാധിതനുമായോ പ്രൈമറി കോണ്ടാക്ട് ആയവരുമായോ നേരിട്ടു ബന്ധപ്പെട്ടിട്ടില്ലെങ്കിൽ സാമൂഹിക അകലം, മാസ്ക്, കൈകൾ ശുചിയാക്കൽ, പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചാൽ മതിയാകും.

6. രോഗസാധ്യത ക‍ൂടിയവർ: 65 വയസ്സിനു മേൽ പ്രായമുള്ളവർ, 10 വയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ, ജീവിതശൈലീ രോഗങ്ങൾക്കു ചികിത്സ തേടുന്നവർ, കാൻസർ, ഹൃദ്രോഗം ഉൾപ്പെടെ രോഗങ്ങളുള്ളവർ.

7. രോഗിയുമായി നേരിട്ടു സമ്പർക്കമുണ്ടായവരെ ഇപ്പോൾ കഴിയുന്ന സ്ഥലത്തു തന്നെ പാർപ്പിക്കാം. വീട്ടിൽ സൗകര്യങ്ങളില്ലെങ്കിൽ മാത്രം ക്വാറന്റീൻ സെന്ററുകളിലേക്കു മാറ്റാം. മറ്റു വീടുകളിലേക്കു മാറുന്നത് രോഗവ്യാപനത്തിനിടയാക്കാം.

8. കോവിഡ് ബാധിതൻ, രോഗം സ്ഥിരീകരിക്കുന്നതു വരെയുള്ള രണ്ടാഴ്ചയ്ക്കിടെ സന്ദർശിച്ച സ്ഥാപനങ്ങൾ, കടകൾ, യാത്ര ചെയ്ത വാഹനങ്ങൾ പങ്കെടുത്ത പൊതുപരിപാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ അതേസമയം പങ്കെടുക്കുകയും അദ്ദേഹവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടാകുകയും ചെയ്തവർ ക്വാറന്റീനിൽ പോകണം. കോവിഡ് ബാധിതനുമായി സംസാരിക്കുകയോ പണം ഉൾപ്പെടെയുള്ള കൊടുക്കൽ വാങ്ങലുകൾ നേരിട്ടു നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ജാഗ്രത വേണം. ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം.

9. കോവിഡ് ബാധിച്ചയാൾ പോയ സ്ഥലങ്ങളിൽ അദ്ദേഹം ഉള്ളപ്പോഴല്ലാതെ പോയി എന്നു കരുതി ക്വാറന്റീനില‍ാകേണ്ട ആവശ്യമില്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽ ആശങ്ക വേണ്ട.

10. രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ ഉണ്ടാകുമ്പോഴും പരിധിയിലധികം പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ ഉണ്ടാകുമ്പോഴുമാണ് ഒരു പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആകുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7