കടയ്ക്കാവൂരിൽ 30അടി താഴ്ച്ചയുള്ള കിണറ്റിൽ വീണ 2 മാസം പ്രായമുള്ള കുഞ്ഞിനെ അയൽവാസിയായ 17കാരൻ രക്ഷപ്പെടുത്തി. കടയ്ക്കാവൂർ ചാവടിമുക്കിലാണ് സംഭവം. 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ 2 മാസം പ്രായമുള്ള കുഞ്ഞിനെയാണ് അയൽവാസിയായ 17 കാരൻ രക്ഷപ്പെടുത്തിയത്.
കടയ്ക്കാവൂർ ചാവടിമുക്ക് പുതുശ്ശേരി മഠം വീട്ടിൽ ഷാജി സത്യശീലന്റേയും ചന്ദ്രികയുടെയും മകൻ ഷൈജു ആണ് കുഞ്ഞു ജീവൻ രക്ഷിച്ച് നാട്ടിൽ താരമായത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. അമ്മയോടൊപ്പം കിണറ്റിൻ കരയിൽ ഇരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് അപ്രതീക്ഷിതമായി 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. കുഞ്ഞു വീണതോടെ അമ്മ ആകെ തളർന്നു വീണു. നിലവിളിയും ബഹളവും കേട്ട് അയൽവാസിയായ 17കാരൻ മറ്റൊന്നും ചിന്തിക്കാതെ സ്വന്തം ജീവൻ പോലും വകവെക്കാതെ കിണറ്റിലേക്ക് എടുത്തുചാടി. ഭീതി നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ ആ കുഞ്ഞു ജീവനും കൊണ്ട് 17കാരൻ പടവുകൾ കയറി മുകളിലെത്തി. നാട്ടുകാർക്ക് ഒരു അത്ഭുത കാഴ്ചയായി. സാഹസികതയും അമാനുഷികതയും ഇല്ലാത്ത 17കാരന്റെ പ്രവർത്തിയിൽ നാട്ടുകാർ അന്തം വിട്ടു നിന്നു.
2018ൽ എസ്എസ്എൽസി പരീക്ഷ നല്ല മാർക്കോടെ പാസായ ഷൈജു തുടർ വിദ്യാഭ്യാസത്തിന് വകയില്ലാത്തതുകൊണ്ടു തന്നെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. കൂലിപ്പണിക്കാരനായ അച്ഛന്റെ പാത പിൻപറ്റി ഷൈജു ഇപ്പോൾ നിത്യവൃത്തിക്കായി ജോലിക്ക് പോവുകയാണ്. രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യാഗം ചെയ്യാൻ തയ്യാറായ ഈ 17 കാരനെ കടയ്ക്കാവൂർ പോലീസ് ആദരിച്ചു.