സ്വര്‍ണക്കടത്ത് : സ്വര്‍ണം കണ്ടെത്തുന്നതും ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിംഗ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്ന ഫൈസല്‍ ഫരീദ് സ്വര്‍ണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്ററാണെന്ന് കണ്ടെത്തല്‍. ഗള്‍ഫില്‍ സ്വര്‍ണം സംഘടിപ്പിക്കല്‍, ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിംഗ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

മുമ്പും നിരവധി തവണ ഫൈസല്‍ ഇത്തരത്തില്‍ സ്വര്‍ണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ സ്വര്‍ണ്ണം പാക്ക് ചെയ്തതും ഫൈസലിന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായ് ഷാര്‍ജാ അതിര്‍ത്തിയിലെ ഹിസൈസിലെ ഫാക്ടറിയാണ് പാക്കിംഗിനായി തെരഞ്ഞെടുത്തത്. ഒരു മലയാളിയുടെ ഫാക്ടറിയാണ് ഇത്. കൊവിഡ് മൂലം അടഞ്ഞ് കിടന്ന ഫാക്ടറി സ്വര്‍ണം പാക്ക് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.

കേസില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന വ്യക്തിയാണ് ഫൈസല്‍ ഫരീദ്. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന് കൈമാറാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ് എന്‍ഐഎ സ്വീകരിച്ചിരിക്കുന്നത്. ഫൈസല്‍ ഫരീദിനായി ഉടന്‍ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഇതിനായാണ് എന്‍ഐഎയുടെ കോടതിയില്‍ നിന്ന് ഓപ്പണ്‍ വാറണ്ട് തേടിയത്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസല്‍ ഫരീദെന്ന് എന്‍ഐഎ പറയുന്നു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നല്‍കുന്നത്.

കഴിഞ്ഞ ദിവസമാണ് കേസിലെ മൂന്നാം പ്രതിയായി യുഎഇയില്‍ താമസിക്കുന്ന ഫൈസല്‍ ഫരീദിനെ എന്‍ഐഎ പ്രതിചേര്‍ക്കുന്നത്. ഇതിന് പിന്നാലെ ഫൈസല്‍ ഫരീദിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ എന്‍ഐഎ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, ഫൈസല്‍ ഫരീദിന്റെ വാദം തെറ്റാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന വ്യക്തി തന്നെയാണ് എന്‍ഐഎ തേടുന്ന ഫൈസല്‍ ഫരീദെന്ന് അധികൃതര്‍ ഉറപ്പിച്ച് പറഞ്ഞു. കസ്റ്റംസും ഇക്കാര്യം ശരിവച്ചു.

follow us pathramonline

pathram:
Leave a Comment