പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി. ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വാദം കേട്ടശേഷം കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിധി പറയാന്‍ മാറ്റിയത്.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാന്‍ വ്യവസ്ഥയില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2011 മേയ് 2ന് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാല്‍, ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പിന് കോടതി നിര്‍ദേശിച്ചു. അമിക്കസ് ക്യൂറിയായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം, മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് തുടങ്ങിയവര്‍ ക്ഷേത്ര നടത്തിപ്പിനെയും വസ്തുവകകളുടെ സ്ഥിതിയെയും കുറിച്ചുള്‍പ്പെടെ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി.

രാജവാഴ്ചയും പ്രിവി പഴ്‌സും ഇല്ലാതായെങ്കിലും വ്യക്തിപരമായി രാജാവിനുള്ള അവകാശങ്ങള്‍ ഇല്ലാതായിട്ടില്ലെന്നാണു രാജകുടുംബം വാദിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊതു ക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് സ്വത്തില്‍ അവകാശമെന്നതിനാല്‍ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നും അവര്‍ വാദിക്കുന്നു.

എന്നാല്‍, ക്ഷേത്ര നടത്തിപ്പില്‍ ക്രമക്കെടുണ്ടെന്ന് അമിക്കസ് ക്യൂറിയും മുന്‍ സിഎജിയും കണ്ടെത്തിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം ആലോചിക്കാവുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

FOLLOW US: PATHRAM ONLINE

pathram:
Leave a Comment