സ്വപ്ന പോയത് കേരള -തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക്? ഇന്നോവ കാര്‍ ഓടിച്ചത് സ്വപ്‌ന തന്നെ; ഒപ്പം മറ്റൊരു യുവതിയും

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ തിങ്കളാഴ്ച രാവിലെ കണ്ടുവെന്ന് തിരുവനന്തപുരം നന്ദിയോട് സ്വദേശിയുടെ വെളിപ്പെടുത്തല്‍. കേരള -തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പോകുന്ന വഴി ചോദിക്കാനായാണ് സ്വപ്ന ഇയാളോട് സംസാരിച്ചത്.

തിരുവനന്തപുരം പാലോടിന് സമീപമുള്ള കൊച്ചുതാന്നിമൂട് സ്വദേശിയാണ് സ്വപ്നയെ കണ്ടതായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മങ്കയം -ബ്രൈമൂര്‍ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള വഴിയാണ് സ്വപ്ന ചോദിച്ചതെന്നും ഇയാള്‍ പറയുന്നു. ഇന്നോവ കാര്‍ സ്വപ്നയായിരുന്നു ഓടിച്ചിരുന്നത് എന്നും കാറില്‍ ഇവരോടൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നു എന്നും തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഇവരെ കണ്ടത് എന്നും ഇയാള്‍ പറയുന്നു.

അപ്പോള്‍ ആളെ മനസിലായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ സ്വപ്നയുടെ ചിത്രങ്ങള്‍ കണ്ടതോടെയാണ് വഴി ചോദിച്ച സ്ത്രീ സ്വപ്നയാണെന്ന് മനസിലായത് എന്നും ഇയാള്‍ പറയുന്നു. മങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സമീപമുള്ള കാട്ടിലൂടെ തമിഴ്‌നാട്ടിലേക്ക് പോകാന്‍ നിരവധി വഴികളുണ്ടെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ മങ്കയം ടൂറിസം കേന്ദ്രത്തില്‍ ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

ഇതും സ്വപ്ന ഇതുവഴി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാം എന്ന സംശയത്തിന് ആക്കം കൂട്ടുന്നു. ശനിയാഴ്ച സ്വപ്ന ഫ്‌ലാറ്റില്‍ നിന്നും പുറത്ത് പോകുന്ന ദൃശ്യങ്ങളായിരുന്നു കസ്റ്റംസിന് ലഭിച്ചിരുന്നത്.

അതേസമയം നയതന്ത്ര ബന്ധം മറയാക്കി സ്വര്‍ണ്ണക്കള്ളക്കടത്തിന് ശ്രമിച്ച കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ യോഗം ചേര്‍ന്നു. കസ്റ്റംസിന്റെ കൈവശമുള്ള വിവരങ്ങള്‍ റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, രഹസ്യാന്വേഷണ വിഭാഗം, റോ എന്നിവയും അന്വേഷണത്തിന് മുതിരുന്നതായാണ് വിവരം.

സ്വര്‍ണക്കടത്തിലെ മുഖ്യആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കറിന്റെ വിദേശയാത്രകളും ഇടപാടുകളും പരിശോധിക്കും. സ്വര്‍ണക്കടത്തുമായി ശിവശങ്കറിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതികള്‍ ദുരുപയോഗിച്ചതിനു പിന്നില്‍ ശിവശങ്കറുമായുള്ള വഴിവിട്ട ബന്ധമാണെന്ന സൂചനയാണുള്ളത്.

കേസ് സാമ്പത്തിക കുറ്റകൃത്യം കൂടി ആയതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. ഫെമ ചട്ടപ്രകാരം അന്വേഷണം നടത്താമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്.

അതിനിടെ, സ്വപ്‌നയ്‌ക്കൊപ്പം ഒളിവില്‍ പോയ സന്ദീപ് നായര്‍ക്കായി കസ്റ്റംസ് തിരച്ചില്‍ നടത്തി. കൊച്ചിയില്‍ ഇവര്‍ ഉണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇവരെ തിരുവനന്തപുരത്തുനിന്നും കടത്താന്‍ സഹായിച്ചവരെയും വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തില്‍ വിളിച്ച് ബാഗേജ് വിട്ടുകൊടുത്താത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച ഞാറയ്ക്കല്‍ സ്വദേശിയും കസ്റ്റംസ് ക്ലിയറന്‍സ് അസോസിയേഷന്‍ നേതാവ് എന്നവകാശപ്പെടുന്ന ഹരിരാജിനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിരാജിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിക്കഴിഞ്ഞു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന കൊടുള്ളിയിലെ സ്വര്‍ണ വ്യാപാരി നിസാറിനെ ചോദ്യം ചെയ്തു. മലപ്പുറത്തെ പ്രമുഖ ജ്വല്ലറിയുടെ മരുമകനാണ് നിസാര്‍. കസ്റ്റംസ് പിടികൂടിയപ്പോള്‍ സരിത് ആദ്യം വിളിച്ചത് നിസാറിനെയാണെന്ന് കണ്ടെത്തിയിരുന്നു. സ്വപ്‌നയും സരിത്തുമായി ഒരു ബന്ധവുമില്ല. അറിയുകയുമില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്തിട്ടില്ലെന്നുമാണ് ഇദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതിനിടെ, കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള മുറവിളി സംസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളില്‍ ശക്തമാകുകയാണ്. ശിവശങ്കറിന്റെ ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാമോ എന്നറിയാനാണ് ചീഫ് ജസ്റ്റീസിന് വിട്ടത്.

FOLLOW US: pathram online

pathram:
Leave a Comment