തൂത്തുക്കുടി കസ്റ്റഡി മരണം: എസ്‌ഐ അറസ്റ്റില്‍

ചെന്നൈ: തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസില്‍ പ്രതിയായ സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ എസ്‌ഐ രഘു ഗണേഷിനെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ മര്‍ദനം നടത്തിയ രഘു ഗണേഷിനെതിരെ കൊലക്കുറ്റം ചുമത്തിയാണു നടപടി. ലോക്ഡൗണ്‍ ലംഘിച്ചു മൊബൈല്‍ ഫോണ്‍ കട തുറന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ജയരാജനും മകന്‍ ബെനിക്‌സുമാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. പൊലീസുകാരെ പ്രതികളാക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിരീക്ഷിച്ചിരുന്നു.

സാത്താന്‍കുളം സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ പൊലീസുകാര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത രാത്രി ജയരാജനെയും ബെനിക്‌സിനെയും പൊലീസുകാര്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിച്ചതായാണു മൊഴി. ലാത്തിയിലും മേശയിലും ചോരക്കറ പുരണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കിയത്. സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ സിബിസിഐഡി അന്വേഷണം നടത്തും.

ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പി: അരുണ്‍ ബാലഗോപാലനെ മാറ്റി. ഇദ്ദേഹത്തിന് മറ്റു പദവികളൊന്നും നല്‍കിയിട്ടില്ല. അന്വേഷണത്തിനെത്തിയ കോവില്‍പെട്ടി മജിസ്‌ട്രേട്ടിനോട് മോശമായി പെരുമാറിയ തൂത്തുക്കുടി എസിപി: ഡി.കുമാര്‍, ഡിഎസ്പി: സി.പ്രതാപന്‍ എന്നിവരുടെയും കസേര തെറിച്ചു. ഇതേ ആരോപണം നേരിട്ട കോണ്‍സ്റ്റബിള്‍ മഹാജനെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ പൊലീസിന് അനുകൂലമായി റിപ്പോര്‍ട്ട് എഴുതിയ മെഡിക്കല്‍ ഓഫിസര്‍ ഡോ.വെനില രണ്ടാഴ്ചത്തെ അവധിയില്‍ പോയി. ഹൈക്കോടതി നിര്‍ദേശപ്രകാരം സാത്താന്‍കുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7