ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഞങ്ങള്‍ ആരേയും പുറത്താക്കിയിട്ടില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയെന്ന് മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് അവിഭാജ്യ ഘടകമാണ്. നാല് പതിറ്റാണ്ടിലേറെയായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. കെ.എം.മാണിയുടെ നിര്യാണത്തിനു ശേഷം പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടായി. യുഡിഎഫ് ഇരുവിഭാഗത്തേയും യോജിപ്പിക്കാന്‍ ശ്രമിച്ചു. ഒരു കാരണവശാലും യോജിക്കില്ലെന്ന് വന്നപ്പോള്‍ രണ്ട് പാര്‍ട്ടികളായി പരിഗണിക്കാന്‍ തീരുമാനിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എട്ടുമാസം ജോസ് കെ.മാണി വിഭാഗത്തിനും ആറുമാസം പി.ജെ.ജോസഫ് വിഭാഗത്തിനും നല്‍കാമെന്ന് തീരുമാനമായിരുന്നു. ജോസ് കെ.മാണി വിഭാഗം രാജിവയ്‌ക്കേണ്ട സമയമായപ്പോള്‍ രാജി വച്ചില്ല. കോവിഡ് ആയതുകൊണ്ട് മൂന്നുമാസം കൂടി നീണ്ടുപോയി. ഇതോടെ ഇനിയും കാത്തിരിക്കാന്‍ പറ്റില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നാല് മാസമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാജിവയ്ക്കാന്‍ തയാറായില്ലെന്ന് മാത്രമല്ല, അങ്ങനെയൊരു ധാരണയേ ഇല്ല എന്നാണ് ജോസ് കെ.മാണി വിഭാഗം പറഞ്ഞത്. ഇതോടെ യുഡിഎഫ് യോഗങ്ങളില്‍ നിന്നു ജോസ് കെ.മാണി വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലാപഞ്ചായത്ത് വിഷയത്തില്‍ യുഡിഎഫ് തീരുമാനം അംഗീകരിച്ചാല്‍ അന്നുമുതല്‍ യോഗത്തില്‍ പങ്കെടുപ്പിക്കും.

വല്യേട്ടന്‍ മനോഭാവം യുഡിഎഫിന് ഇല്ല. എല്ലാവരേയും വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. യുഡിഎഫ് ഗ്ലോബല്‍ പ്രവാസി വിര്‍ച്വല്‍ മീറ്റ് സംഘടിപ്പിക്കും. പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ, അഴിമതി ആരോപണങ്ങള്‍, കോവി!ഡിന്റെ പിന്നില്‍ നടക്കുന്ന കൊള്ള എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജൂലൈ 9ന് പഞ്ചായത്തു തലത്തില്‍ പത്തുപേരെ മാത്രം അണിനിരത്തി ധര്‍ണ സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Leave a Comment