കസ്റ്റഡി മരണം: സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റിലായ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി. സാധാരണ ജനങ്ങള്‍ക്കു നേരെയുള്ള പൊലീസ് അതിക്രമം കോവിഡ് പോലെ മറ്റൊരു പകര്‍ച്ചവ്യാധിയാണെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വിമര്‍ശനം ഉന്നയിച്ചു

കോടതിയെ ചെറുതായി കാണരുതെന്നും ഇരകള്‍ക്കു നീതി ലഭ്യമായെന്ന് ഉറപ്പാക്കുമെന്നും കോടതി പറഞ്ഞു. കോവിഡ് ഡ്യൂട്ടി മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ പൊലീസുകാര്‍ക്കു കൗണ്‍സിലിങ്ങും യോഗ പരിശീലനവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു

സംഭവത്തിന്റെ വിശദ റിപ്പോര്‍ട്ട് തൂത്തുക്കുടി എസ്പി കോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തെ അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനു നേരെ നടന്ന പൊലീസ് അതിക്രമത്തോട് ഉപമിച്ചു സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. പ്രതികളെ നേരിട്ടു കാണാതെയാണു സാത്തന്‍കുളം മജിസ്ട്രേട്ട് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതെന്ന പരാതിയും ഉയരുന്നുണ്ട്.

തമിഴ്നാട്ടില്‍ പലയിടത്തും ഇന്നലെയും വ്യാപാരികള്‍ കടകളടച്ചു പ്രതിഷേധിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഡിഎംകെയും അണ്ണാഡിഎംകെയും 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ 23 ന് ആണ് വ്യാപാരികളായ പി.ജയരാജ് മകന്‍ ജെ.ബെന്നിക്സ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത്. പൊലീസുകാരുടെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലോ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയെ നിയമിച്ചതായും ലോക്ക്ഡൗണ്‍ കാലത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നതിനു ഡിജിപി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംഭവം നടന്ന സാത്തന്‍കുളം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നു കോടതി പൊലീസിനു നിര്‍ദേശം നല്‍കി. കോവില്‍പെട്ടി ജില്ലാ മജിസ്ട്രേട്ട് സംഭവം നടന്ന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി തെളിവെടുക്കണം. പൊലീസ് സ്റ്റേഷനില്‍ നിന്നും സബ്ജയിലില്‍ നിന്നും ആവശ്യമായ രേഖകള്‍ കണ്ടെത്തണം. സംഭവം വലിയ പ്രക്ഷോഭമായി മാറാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മുന്‍കൈയ്യെടുക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ മരിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും കോടതി അഭ്യര്‍ഥിച്ചു. കേസ് 30നു വീണ്ടും പരിഗണിക്കും.

മരിച്ച ജയരാജിന്റെയും ബെന്നിക്സിന്റെയും ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണു സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കാന്‍ കുടുംബം നടത്തുന്ന നിയമപോരാട്ടത്തിന് ഡിഎംകെ ഒപ്പമുണ്ടാകുമെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇരുവര്‍ക്കും സാത്തന്‍കുളം പൊലീസ് സ്റ്റേഷനില്‍ നേരിടേണ്ടിവന്ന പൊലീസ് അതിക്രമം സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നും മരിച്ചവരുടെ കുടുംബത്തിനു നീതി ലഭിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. നിയമം കൈയ്യിലെടുക്കാന്‍ പൊലീസിന് അനുമതി നല്‍കിയ എടപ്പാടി പളനിസാമി സര്‍ക്കാരിന്റെ വീഴ്ചയാണ് ഇത്തരം സംഭവങ്ങളെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇതിനു പിന്നാലെയാണു മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപതന്നെ നഷ്ടപരിഹാരം പ്രഖ്യാപിച്ച് അണ്ണാഡിഎംകെയും രംഗത്തെത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവര്‍ ചേര്‍ന്നാണു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഇരകള്‍ക്കു നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി ട്വിറ്ററില്‍ അറിയിച്ചു. ജയരാജിന്റെയും ബെന്നിക്സിന്റെയും കുടുംബത്തിനു മുഖ്യമന്ത്രി 10 ലക്ഷം രൂപ നേരത്തേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ജയരാജിനെയും ബെന്നിക്സിനെയും കസ്റ്റഡിയില്‍ വിടുന്ന നടപടിക്രമങ്ങളില്‍ സാത്തന്‍കുളം ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഡി.ശരവണനു വീഴ്ച പറ്റിയതായി പരാതി ഉയര്‍ന്നിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഹാജരാക്കിയ പ്രതികളെ നേരിട്ടു പരിശോധിക്കാതെ റിമാന്‍ഡ് ഉത്തരവു നല്‍കുകയായിരുന്നെന്നാണ് ആരോപണം. പ്രതികളെ കൊണ്ടുവന്ന വാഹനത്തിനരുകിലെത്തി പരുക്കുകളുണ്ടോ എന്നു പരിശോധിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നു ജയരാജിന്റെയും ബെന്നിക്സിന്റെയും അഭിഭാഷകന്‍ ആരോപിച്ചു.

ആദ്യമായി റിമാന്‍ഡിലാവുന്നവരെ നേരിട്ടു കണ്ടശേഷമേ റിമാന്‍ഡ് അനുവദിക്കാവൂ എന്നാണു നിയമം. പ്രതികള്‍ക്കു പരുക്കുകളോ, അവശതയോ ഉണ്ടെങ്കില്‍ അതു റിമാന്‍ഡ് ഉത്തരവില്‍ രേഖപ്പെടുത്തിയ ശേഷമേ റിമാന്‍ഡ് വാറന്റ് നല്‍കാവൂ. പൊലീസ് ഉപദ്രവിച്ചോ എന്നു പ്രതികളോടു ചോദിക്കേണ്ടതും മജിസ്ട്രേട്ടിന്റെ ചുമതലയാണ്.

മറ്റു ശാരീരിക പ്രശ്നങ്ങളോ, രോഗങ്ങളോ ഉണ്ടോ എന്നും ഉറപ്പാക്കണം. ഇരുവര്‍ക്കും ആന്തരിക ക്ഷതമേറ്റെന്നും മലദ്വാരത്തില്‍ മുറിവുകളുണ്ടെന്നും ജയില്‍ അഡ്മിഷന്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലും പൊരുത്തക്കേടുകളുണ്ടെന്നും ഇതും മജിസ്ട്രേട്ട് ചോദ്യം ചെയ്തില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ കോവില്‍പെട്ടി ജുഡീഷ്യല്‍ മജിസ്ട്രേട്ടിനു മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി.

follow us pathramonline

pathram:
Leave a Comment