സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാരാണ് ഇത് അറിയിച്ചത്.

ഇനി നടത്താനുള്ള 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി സിബിഎസ്ഇ. ജൂലൈ 1 മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കുന്നതെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. സിബിഎസ്ഇയുടെ തീരുമാനം പിന്തുടരുമെന്ന്‌ െഎസിഎസ്ഇ ബോര്‍ഡും സുപ്രീംകോടതിയെ അറിയിച്ചു.

മാര്‍ച്ച് 19 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ ലോക്ഡൗണിനെ തുടര്‍ന്നാണ് ജൂലൈ ആദ്യവാരത്തിലേക്കു മാറ്റിവച്ചത്. കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍, പരീക്ഷകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിക്കവെയാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സിബിഎസ്ഇ കോടതിയെ അറിയിച്ചത്. സാഹചര്യം മെച്ചപ്പെട്ടാല്‍ പിന്നീടു പരീക്ഷ നടത്തും.

അത് എഴുതണോ വേണ്ടയോ എന്നു വിദ്യാര്‍ഥികള്‍ക്കു തീരുമാനിക്കാം. എഴുതാത്തവര്‍ക്കു കഴിഞ്ഞ മൂന്നു പരീക്ഷകളിലെ മാര്‍ക്കിന് ആനുപാതികമായി മൂല്യനിര്‍ണയം നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇയുടെ മറുപടിയില്‍ വ്യക്തത പോരെന്ന് അഭിപ്രായപ്പെട്ട കോടതി, ആശയക്കുഴപ്പം പാടില്ലെന്നും അറിയിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

follow us: PATHRAM ONLINE

pathram:
Leave a Comment