ചക്കയ്ക്ക് അമേരിയ്ക്കയില്‍ നിന്ന് അംഗീകാരം

പ്രമേഹ രോഗികള്‍ക്ക് അരിയും ഗോതമ്പും കൊണ്ടുള്ള വിഭവങ്ങളുടെ കൂടെ ചക്കപ്പൊടി ചേര്‍ത്തുള്ള ഭക്ഷണം 3 മാസം കൊടുത്ത് രക്തത്തിലെ പഞ്ചസാര അളവില്‍ ഗണ്യമായ കുറവു കണ്ടെത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ട് അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഡയബറ്റിസ് എന്ന പേരിലുള്ള അവരുടെ മെഡിക്കല്‍ ജേണലിലും ഇതുസംബന്ധിച്ച പ്‌ളസിബൊ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

ആന്ധ്രയിലെ ശ്രീകാകുളം മെഡിക്കല്‍ കോളജിലെ അസോഷ്യേറ്റ് പ്രഫസര്‍മാരായ ഡോ. എ.ഗോപാല്‍ റാവു, ഡോ.സുനില്‍ നായക്, ജാക്ക്ഫ്രൂട്ട് 365 സിഇഒ ജയിംസ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണു പഠനം നടത്തിയത്. 24 പുരുഷന്‍മാരും 16 സ്ത്രീകളും അടങ്ങുന്ന 40 ടൈപ് ടു പ്രമേഹ രോഗികളെ 2 ഗ്രൂപ്പായി തിരിച്ചായിരുന്നു പരീക്ഷണം. ഒരു ഗ്രൂപ്പിന് സാധാരണ അരിഗോതമ്പ് കൊണ്ടുള്ള ഇഡ്ഡലിയും ചപ്പാത്തിയും അടുത്ത ഗ്രൂപ്പിന് അരിമാവിനും ഗോതമ്പ് മാവിനും ഒപ്പം 30 ഗ്രാം ചക്കപ്പൊടി കൂടി ചേര്‍ത്തുള്ള ഇഡ്ഡലിയും ചപ്പാത്തിയും യഥാക്രമം പ്രാതലിനും അത്താഴത്തിനും നല്‍കുകയായിരുന്നു. 3 മാസം കഴിഞ്ഞപ്പോള്‍ ചക്കപ്പൊടി കഴിച്ച ഗ്രൂപ്പിന് പ്രാതലിനു മുന്‍പും ശേഷവുമുള്ള രക്തത്തിലെ പഞ്ചസാര അളവിലും മൂന്നു മാസത്തെ ശരാശരി പഞ്ചസാരയുടെ അളവായ എച്ച്ബിഎ1സിയിലും കാര്യമായ കുറവു കണ്ടു.

പരീക്ഷണം തുടങ്ങുന്ന ദിവസത്തെയും 84ാം ദിവസത്തെയും (12 ആഴ്ച) രക്തത്തിലെ പഞ്ചസാര അളവുകള്‍ താരതമ്യം ചെയ്തു. പ്രമേഹത്തിനുള്ള മെഡിക്കല്‍ ആഹാര ചികില്‍സയ്ക്ക് ചക്കപ്പൊടി ഉപയോഗിക്കാമെന്നും അതുവഴി ഇന്‍സുലിനും പ്രമേഹത്തിനുള്ള ഗുളികകളും കുറയ്ക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രമേഹ പൂര്‍വ ആരോഗാവസ്ഥയിലുള്ളവര്‍ക്ക് (പ്രീഡയബറ്റിക്) മരുന്നു കഴിച്ചു തുടങ്ങും മുമ്പ് ചക്കപ്പൊടി ചേര്‍ത്ത ഭക്ഷണം കഴിച്ച് പ്രമേഹബാധ നീട്ടിവയ്ക്കാനുമാകും.

ചക്കയില്‍ നാരു കൂടുതലും അരിയും ഗോതമ്പും അപേക്ഷിച്ച് അന്നജവും ഊര്‍ജവും രക്തത്തിലെ പഞ്ചസാരയുടെ സൂചകമായ ഗ്‌ളൈസീമിക് ലോഡും കുറവുമാണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ (30 ഗ്രാം) ചക്കപ്പൊടിയാണ് ദിവസം 2 നേരം ഭക്ഷണത്തില്‍ ചേര്‍ക്കാനായി ഉപയോഗിച്ചത്.

ലോകമാകെ പ്രമേഹ ചികില്‍സാ മാനദണ്ഡങ്ങള്‍ക്ക് ആധാരമാക്കുന്നത് അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷനെയാണ്. കഴിഞ്ഞദിവസം ഓണ്‍ലൈനായി നടന്ന രാജ്യാന്തര സമ്മേളനത്തില്‍ ജയിംസ് ജോസഫ് അവതരണം നടത്തി.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment