1,255 വിമാനങ്ങള്‍ റദ്ദാക്കി; ചൈന വീണ്ടും കോവിഡ് ഭീതിയില്‍

ബെയ്ജിങ്: കാവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ചൈന വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബെയ്ജിങ് വിമാനത്താവളത്തില്‍ നിന്നുള്ള 1,255 വിമാനങ്ങള്‍ റദ്ദാക്കി. ബെയ്ജിങ്ങില്‍ 31 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 137 ആയി. നഗരം വിട്ടുപോകരുതെന്ന് അധികൃതര്‍ നഗരനിവാസികളോട് ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ അടച്ചു.

വൈറസിന്റെ രണ്ടാംവ്യാപനത്തിന്റെ ആശങ്കയിലാണ് അധികൃതര്‍. ബെയ്ജിങ്ങിനടുത്തുള്ള ചന്തയിലാണ് ഇക്കുറി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സിനഫാദിയിലെ ഈ മാര്‍ക്കറ്റുമായി ആയിരക്കണക്കിന് ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം പരിശോധനയ്ക്കു വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. മുപ്പതോളം പാര്‍പ്പിട സമുച്ചയങ്ങള്‍ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു.

മീഡിയം, ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാത്തവര്‍ക്കു ബെയ്ജിങ് വിടുന്നതിനു മുന്‍പ് ന്യൂക്ലിക് ആസിഡ് ടെസ്റ്റ് പരിശോധന നിര്‍ബന്ധമാക്കി. മറ്റു പല പ്രവിശ്യകളും ബെയ്ജിങ്ങില്‍നിന്നുള്ളവര്‍ക്കു പ്രവേശനം നിഷേധിച്ചു. അടുത്തിടെ തുറന്ന എല്ലാ സ്‌കൂളുകളും അടയ്ക്കാനും നിര്‍ദേശം നല്‍കി. 11 മാര്‍ക്കറ്റുകളാണ് അടച്ചത്. ഭക്ഷ്യസുരക്ഷാ പരിശോധനയും കര്‍ശനമാക്കി.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,257,885 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു. 8,257,885 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 445,986 പേര്‍ മരണമടഞ്ഞു. 4,306,748 പേര്‍ രോഗമുക്തരായപ്പോള്‍, 3,505,151 പേര്‍ ചികിത്സയിലാണ്.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 119,132 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 928,834 പേര്‍ക്ക്‌ ൈ്വറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 45,456 മരണമടഞ്ഞു. റഷ്യയില്‍ 545,458 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 7,284 പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 354,161 ആയി കുതിച്ചുയര്‍ന്നു. ആകെ 11,921 പേരാണ് മരിച്ചത്. 11,000 നു മുകളില്‍ പുതിയ രോഗികളും 2000 ഓളം മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടണില്‍ 298,136 പേര്‍ രോഗികളായപ്പോള്‍ 41,969 പേര്‍ ഇതുവരെ മരണപ്പെട്ടു. സ്പെയിനില്‍ 291,408 വൈറസ് ബാധിതരുണ്ട്. 27,136 പേര്‍ മരണമടഞ്ഞു. കുറച്ചുനാളായി സ്പെയിനില്‍ ഒരു മരണം പോലൂം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറ്റലിയില്‍ 237,500 രോഗികളും 34,405 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രാന്‍സില്‍ 157,716 പേര്‍ രോഗികളായപ്പോള്‍ 29,547 പേര്‍ മരണമടഞ്ഞു. മെക്സിക്കോയില്‍ 154,863 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇതിനകം 18,310 പേര്‍ മരണമടഞ്ഞു. ആയിരത്തിലേറെ പേരാണ് ഒരു ദിവസത്തിനുള്ളില്‍ മരിച്ചത്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment