ശ്വാസകോശ രോഗങ്ങളും പനിയുമായി എത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് പരിശോധന നടത്തുന്നില്ല; തിരുവനന്തപൂരത്തെ രണ്ടും മരണങ്ങളും പറയുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ശ്വാസകോശ രോഗങ്ങളും പനിയുമായി എത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കപ്പെടുന്നു. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ കോവിഡ് ബാധിച്ചു മരിച്ച വലയില്‍ വീട്ടില്‍ രമേശന് (67) ശ്വാസകോശ രോഗമായിരുന്നിട്ടും മെഡിക്കല്‍ കോളജിലോ ജനറല്‍ ആശുപത്രിയിലോ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. മരിച്ച ശേഷമാണ് രമേശന് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത തിരുവനന്തപുരത്തെ മൂന്നു കോവിഡ് മരണങ്ങളും ആശുപത്രിയില്‍ ചികില്‍സയ്ക്കു പിന്നാലെയായിരുന്നു എന്നതും അതിജാഗ്രത ആവശ്യപ്പെടുന്നു.

ഗുരുതര ശ്വാസകോശരോഗം കോവിഡ് ലക്ഷണമായതിനാല്‍ ഈ ലക്ഷണങ്ങളുള്ള എല്ലാവരേയും പരിശോധിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും രമേശിന്റെ കാര്യത്തില്‍ അതു ലംഘിക്കപ്പെട്ടു. രോഗം ബാധിച്ച് വീട്ടില്‍ അവശനിലയിലായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് രമേശനെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അതിനുശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. മേയ് 23 മുതല്‍ 28 വരെ രമേശന്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കടുത്ത ശ്വാസംമുട്ടലുമായി ജൂണ്‍ 10 ന് വീണ്ടുമെത്തിയ രമേശനെ ജനറല്‍ ആശുപത്രി ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. 11 ന് ഉച്ചയോടെ അവിടെനിന്നു ഡിസ്ചാര്‍ജ് ചെയ്തു. 12 ന് വൈകിട്ട് 5.30 നായിരുന്നു മരണം. ശ്വാസകോശ രോഗവുമായി ചികില്‍സ തേടിയിട്ടും ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളജിലോ കോവിഡ് പരിശോധന നടത്തിയില്ല എന്നിടത്താണ് ഗുരുതര അനാസ്ഥ സംഭവിച്ചത്.

തിരുവനന്തപുരത്ത് ആദ്യം മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസിന് രോഗം ബാധിച്ചത് എവിടെനിന്നാണെന്നും കണ്ടെത്താനായിട്ടില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സ തേടിയ ശേഷം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് അബ്ദുല്‍ അസീസ് മരിച്ചത്. ജൂണ്‍ രണ്ടിന് മരിച്ച ഫാ. കെ.ജി. വര്‍ഗീസ് ഒരു മാസം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് പേരൂര്‍ക്കടയിലും ചികില്‍സയിലായിരുന്നു. രണ്ട് ആശുപത്രികളും കോവിഡ് ടെസ്റ്റ് നടത്തിയില്ല. അദ്ദേഹത്തിന്റെയും രോഗ ഉറവിടം ഇതുവരെ അറിയാനായിട്ടില്ല.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular