അഴുകിയ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഒരു വാനില്‍ കയറ്റി ശ്മശാനത്തില്‍ എത്തിക്കുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ബംഗാളില്‍ വിവാദം ഉടലെടുത്തു. തെക്കന്‍ കൊല്‍ക്കത്തയില്‍ കഴിഞ്ഞദിവസമാണു മൃതദേഹങ്ങളോട് ആദരവ് കാണിക്കാത്ത സംഭവമുണ്ടായത്. ‘ഹൃദയശൂന്യവും വിവരിക്കാനാവാത്ത നിര്‍വികാരതയും’ അടങ്ങിയ കാര്യമാണിതെന്നു ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാരിനും വിഷയത്തിന്റെ പൊള്ളലേറ്റു.
മരിച്ചവര്‍ കോവിഡ് ബാധിച്ചവരാണെന്ന അഭ്യൂഹത്തെ തുടര്‍ന്നു നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. വ്യക്തത വരുത്തണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മരിച്ചവര്‍ കൊറോണ വൈറസ് ബാധിതരാണെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. ‘ആശുപത്രി മോര്‍ച്ചറിയിലുണ്ടായിരുന്ന അവകാശികളില്ലാത്തതും തിരിച്ചറിയാത്തതുമായ മൃതദേഹങ്ങളാണ് അവയെന്നും ആരും കോവിഡ് ബാധിതരല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊല്‍ക്കത്ത പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
കൊല്‍ക്കത്തയിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയായ എന്‍ആര്‍എസ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അയച്ച കത്തിനെ തുടര്‍ന്നാണു പൊലീസ് ഇടപെട്ടത്. മോര്‍ച്ചറിയില്‍നിന്ന് 14 അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനു കൈമാറിയിട്ടുണ്ടെന്നും ഇവരാരും കോവിഡ് ബാധിതരല്ലെന്നും പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കന്‍ കൊല്‍ക്കത്തയിലെ ഗരിയ അടി മഹാശ്മശാനില്‍ നിന്നെടുത്ത വിഡിയോ ആണ് അനാസ്ഥ വെളിപ്പെടുത്തിയത്. 13 മൃതദേഹങ്ങളുമായി ശ്മശാനത്തിലേക്കു മുനിസിപ്പല്‍ വാന്‍ എത്തിയെന്നു വിവരം കിട്ടിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വാന്‍ വന്നു മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്കു മാറ്റിയതിനു പിന്നാലെ പ്രദേശത്താകെ അഴുകിയ മണം പരന്നതായും പറയപ്പെടുന്നു. ശ്മശാനത്തിന് പൂട്ടിട്ടാണ് നാട്ടുകാര്‍ പ്രതിരോധിച്ചത് എന്നാണു റിപ്പോര്‍ട്ട്.
ഞങ്ങളെ അയച്ചത് ഇതിവിടെ നിക്ഷേപിക്കാനല്ലേ’ എന്നു വാനില്‍ വന്നയാള്‍ ഫോണിലൂടെ ചോദിക്കുന്നത് വിഡിയോയില്‍ കാണാം. ഇയാള്‍ക്കു പിന്നില്‍ ചുവന്ന ഷോട്‌സും ബനിയനും ധരിച്ച് മറ്റൊരാളെയും കാണാം. മൃതദേഹങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി വാനില്‍നിന്ന് വലിച്ചിറക്കുന്നതാണ് അടുത്ത ഭാഗത്ത്. വലിയ കൊടില്‍ കൊണ്ടാണു മൃതദേഹങ്ങള്‍ അടുപ്പിച്ച് വച്ചിരുന്നത്. വിഡിയോ വന്നതും പിന്നാലെ പ്രതിഷേധം രൂപപ്പെട്ടതും അറിഞ്ഞ് അധികൃതര്‍ ഉടനെ സ്ഥലത്തെത്തി.
Yesterday 13 unclaimed dead bodies were brought to the cremation ground, at Garia,Kolkata,West Bengal,India. But the local people objected against this activities.Thus they, who brought the dead bodies, were compelled to take the dead bodies elsewhere. pic.twitter.com/piJ4PbkTPe
— Kalpataru Mandal (@KalpataruManda4) June 11, 2020
മൃതദേഹങ്ങള്‍ തിരികെ വാനില്‍ എടുത്തു വയ്ക്കാനും ശ്മശാനത്തില്‍നിന്നു മാറ്റാനും ജീവനക്കാരോടു നിര്‍ദേശിച്ചു. ഈ അനാഥ മൃതദേഹങ്ങള്‍ നേരത്തെ ധാപ്പ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശിച്ചതാണെന്നു കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ തലവന്‍ ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. മേയ് 29 മുതല്‍ ധാപ്പ കോവിഡ് മരണങ്ങള്‍ക്കു മാത്രമായി മാറ്റിയിരുന്നു. തുടര്‍ന്നാണ് ഇവ ഗാരിയ ശ്മശാനത്തിലേക്കു കൊണ്ടുവന്നതെന്നും ഫിര്‍ഹാദ് ഹക്കിം വിശദീകരിച്ചു.
തുടര്‍ച്ചയായി ട്വീറ്റുകളിട്ടാണു ഗവര്‍ണര്‍ അമര്‍ഷവും വിമര്‍ശനവും രേഖപ്പെടുത്തിയത്. അടിയന്തരമായി പുതിയ വിവരം അറിയിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയോടു നിര്‍ദേശിച്ച ഗവര്‍ണര്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ടാഗ് ചെയ്തു. എങ്ങനെയാണു മനുഷ്യന് ഇത്രയും അസാധാരണമായി മൃതദേഹങ്ങള്‍ വലിച്ചിഴയ്ക്കാന്‍ തോന്നുന്നത്, മാനവികതയ്ക്കു തന്നെ നാണക്കേടാണിതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കോവിഡ് ഇരകളുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും ദുരൂഹമായതു സംഭവിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് ആരോപിച്ചു.