രാജ്യത്ത് കൊവിഡ് മരണം 6000 കടന്നു; ഇന്നലെ മാത്രം 9304 പുതിയ കേസ്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണ സംഖ്യ 6075 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9304 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ 260 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 216,919 ആയി. 106,737 പേരാണ് ചികിത്സയിലുള്ളത്. 104,106 പേര്‍ രോഗമുക്തി നേടി.

കൊവിഡ് പരിശോധനകള്‍ 42 ലക്ഷം കടന്നു. ആകെ 42,42,718 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 139,485 സാമ്പിളുകള്‍ പരിശോധിച്ചു.

പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും തമിഴ്‌നാട് എംഎല്‍എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ് അധികൃതര്‍. മന്ത്രാലയം പ്രവര്‍ത്തിക്കുന്ന സൗത്ത് ബ്ലോക്കില്‍ അണുനശീകരണം തുടങ്ങി. അജയ് കുമാറുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുപ്പത് പേര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ഔദ്യോഗിക വസതിയില്‍ തുടര്‍ന്നെങ്കിലും സ്വയം നിരീക്ഷണത്തിന്റെ ഭാഗമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ ഡി.എം.കെ എംഎല്‍എ ജെ. അന്‍പഴകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ ജനപ്രതിനിധികള്‍ നിരീക്ഷണത്തിലേക്ക് മാറിയേക്കും. മഹാരാഷ്ട്രയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 74,860ഉം മരണം 2587ഉം ആയി. തമിഴ്‌നാട്ടില്‍ രോഗബാധിതര്‍ കാല്‍ലക്ഷം കടന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1513 പോസിറ്റീവ് കേസുകളും ഒന്‍പത് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 23,645 ആയി. ഇതുവരെ 606 പേര്‍ മരിച്ചു. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 30 മരണവും 485 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.

Follow us _ pathram online

pathram:
Leave a Comment