രാജ്യത്ത് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തെ തള്ളി ആരോഗ്യ വിദഗ്ധർ. ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നീ സംഘടനകളുടെ സംയുക്ത പ്രസ്താവനയിലാണ് രാജ്യത്ത് സമൂഹ വ്യാപമുണ്ടായതായി പറയുന്നത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് സമൂഹ വ്യാപനമുണ്ടായെന്ന് വ്യക്തമാക്കി ആരോഗ്യവിദഗ്ധർ രംഗത്തെത്തിയത്. കൊവിഡ് പടർന്നു പിടിച്ചതിൽ കേന്ദ്ര സർക്കാറിനെ അവർ നിശിതമായി വിമർശിച്ചു. വിവിധ തരം പകർച്ച വ്യാധികളെ കൈകാര്യം ചെയ്തതിന്റെ ദീർഘകാല അനുഭവ പരിജ്ഞാനമുള്ളവരുടെ അഭിപ്രായം തേടാതെ സ്വീകരിച്ച തീരുമാനങ്ങൾ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.
പകർച്ചവ്യാധി നേരിട്ട് കൈകാര്യം ചെയ്യാത്തവരാണ് സർക്കാറിന് ഉപദേശം നൽകിയത്. മുന്നൊരുക്കമില്ലാതെയുള്ള സമ്പൂർണ അടച്ചുപൂട്ടൽ തിരിച്ചടിയായി. മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ കേന്ദ്ര സർക്കാർ തയാറായത് രണ്ടാം ഘട്ട ലോക്ക് ഡൗണിന് ശേഷമാണ്. അപ്പോഴേക്കും കൂടുതൽ പേരിലേക്ക് രോഗം പടരാൻ തുടങ്ങിയിരുന്നു. ഇതോടെ രോഗബാധിതർ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന സാഹചര്യമുണ്ടാക്കി. ഇത് രോഗവ്യാപനത്തിന് കാരണമായെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലോക്ക് ഡൗണിൽ അന്തർ സംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർ വിവിധ ഇടങ്ങളിൽ കുടുങ്ങി. ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടി. പലരും മരണപ്പെട്ടു. ഇത് കേന്ദ്രസർക്കാരിന്റെ വീഴ്ചയാണെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
Follow us _ pathram online
Leave a Comment