ബവ്ക്യൂ ആപ്പ് പ്ലേ സ്‌റ്റോര്‍ ലിങ്ക് ഇന്ന് രാത്രി എട്ടുമണിക്കുള്ളില്‍

കൊച്ചി: ബവ്ക്യൂ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പ്ലേ സ്‌റ്റോര്‍ ലിങ്ക് ഇന്ന് രാത്രി എട്ടുമണിക്കുള്ളില്‍ ലഭ്യമാകുമെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നാളെ രാവിലെ ആറുമണിക്കുള്ളില്‍ ആപ് ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ മതിയാകും. എന്നിരുന്നാലും അവസാന വിലയിരുത്തലുകള്‍ക്കു ശേഷം ഉടന്‍ തന്നെ ആപ് പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

‘ബീറ്റാ വേര്‍ഷന്‍ ടെസ്റ്റിനിടെ ചോര്‍ന്നത് പ്രതിസന്ധിയായിട്ടുണ്ട്. ആപ് സര്‍വീസ് അനുവദിച്ച സമയത്തിനുള്ളില്‍ ആക്ടിവേറ്റ് ചെയ്യും. എസ്എംഎസ് ഗേറ്റ് വേ തകരാറിലായെന്ന മട്ടിലുള്ള പ്രചരണത്തിലും വസ്തുതയില്ല. വാട്‌സാപ്പിലൂടെ ഷെയര്‍ ചെയ്ത് ലഭിക്കുന്ന ഫയല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കേണ്ടതില്ല. പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പാണ് ഉപയോഗിക്കേണ്ടത്. ആപ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ എസ്എംഎസ് ഗേറ്റ് വേയും ആക്ടീവാകും’ – കമ്പനി അധികൃതര്‍ വിശദീകരിക്കുന്നു.

എപികെ ഫയല്‍ ചോര്‍ന്നത് കമ്പനിയില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ അല്ല. കര്‍ശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസര്‍ മാന്വല്‍ പുറത്തു വിട്ടതും കമ്പനിയില്‍ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വല്‍ പുറത്തായത്. ഇതിലും ജീവനക്കാര്‍ ആരും ഉത്തരവാദികളല്ല’ എന്നും ഇവര്‍ പറയുന്നു.

നിലവില്‍ ബീറ്റ വേര്‍ഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഒടിപി ലവല്‍ വരെ പ്രവേശിക്കാനാകുന്നുണ്ട്. എസ്എംഎസ് ഗേറ്റ്!വേ ഡിസേബിള്‍ ആയതിനാല്‍ അടുത്ത ലവലിലേയ്ക്ക് എത്താനാകില്ല. അതുപോലെ ബീറ്റ വേര്‍ഷനില്‍ ടോക്കണ്‍ ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ അസാധുവായിരിക്കുമെന്നും ഫെയര്‍കോഡ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ഫെയര്‍കോഡ് ടെക്‌നോളജീസിന്റെ ഫേസ്ബുക്ക് പേജില്‍ ആപ് വരാത്തതിനെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ബഹളമാണ്. നാളെ രാവിലെ ഒമ്പതുമണിക്ക് മദ്യവില്‍പന തുടങ്ങുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രാവിലെ ആറുമണിക്കുള്ളില്‍ ആപ് തയാറായാല്‍ മതിയാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെന്നാണ് കമ്പനി നിലപാട്.

Follow us on pathram online news

pathram:
Leave a Comment