സിനിമ സെറ്റ് തകര്‍ത്ത കേസില്‍ മൂന്ന് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകും

കാലടിയില്‍ സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മിച്ച പള്ളിയുടെ മാതൃക തകര്‍ത്ത കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. രാഷ്ട്രീയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരായ കെ.ആര്‍. രാഹുല്‍, എന്‍.എം. ഗോകുല്‍, സന്ദീപ് കുമാര്‍ എന്നുവരെയാണ് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എല്ലാവരും പെരുമ്പാവൂരിലും പരിസരങ്ങളിലും ഉള്ളവരാണ്.

രണ്ടുപേര്‍ തിങ്കളാഴ്ച അറസ്റ്റില്‍ ആയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയെന്ന സിനിമയ്ക്കായി കാലടി ശിവരാത്രി മണപ്പുറത്ത് പള്ളിയുടെ മാതൃകയില്‍ പണിത സെറ്റ്, ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികള്‍ തകര്‍ത്തത്. മതസ്പര്‍ധ വളര്‍ത്തും വിധം പെരുമാറി എന്നതടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം സിനിമയുടെ ചിത്രീകരണത്തിനു തയാറാക്കിയ സെറ്റ് പൊളിച്ച സംഭവത്തിനു സര്‍ക്കാരിന്റെ ഒത്താശ ഉണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു. സര്‍ക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേര്‍ക്ക് ഇതു ചെയ്യാന്‍ സാധിക്കില്ല. പൊളിച്ചതിനു ശേഷം അവര്‍ തന്നെ ഫോട്ടോയെടുത്ത് അതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു, മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത വരുന്നു, മുഖ്യമന്ത്രിതന്നെ പ്രതികരിക്കുന്നു അതിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്യുന്നു. ഇതിനു പിന്നിലെ നാടകം വ്യക്തമാണ്.

ഈ സംഘടന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ചട്ടുകമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇടയ്ക്കിടക്ക് ഇവര്‍ ഇത്തരം ചില പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല. വെറും പ്രസ്താവനകള്‍ മാത്രം നടത്തുന്നു. ഇതിനു മുന്‍പ് ഇവരുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ നടപടികളില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.

സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിന്റെ മതേതരത്വ മുഖംമൂടിക്കു മാറ്റു കൂട്ടാന്‍ വേണ്ടിയുള്ള ഒരു ഒത്തുകളിയാണിത്. കോവിഡിനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി എങ്ങനെയൊക്കെ ദുരുപയോഗപ്പെടുത്താമെന്ന പിആര്‍ ഏജന്‍സികളുടെ ഉപദേശപ്രകാരമായിരിക്കും ഇങ്ങനെയൊരു നാടകം സര്‍ക്കാരും സിപിഎമ്മും കളിക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഇതില്‍ നിന്നു വര്‍ഗീയ മുതലെടുപ്പ് നടത്താമെന്ന സിപിഎമ്മിന്റെ ആഗ്രഹം അസ്ഥാനത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular