ഇത്തരെക്കാരെ എന്താണ് ചെയ്യേണ്ടത്? കോവിഡ് ബാധ മറച്ചുവച്ച് അബുദാബിയില്‍ നിന്നു തിരുവനന്തപുരത്ത് എത്തി; രോഗവിവരം അധികൃതരെ അറിയിക്കാത്ത മൂന്ന് പേര്‍ക്കെതിരെ കേസ്,

വിമനത്തില്‍ ഒപ്പം ഉണ്ടായിരുന്ന 170 യാത്രക്കാരെയും ഉടന്‍ പരിശോധനക്ക് വിധേയമാക്കും

തിരുവനന്തപുരം: കോവിഡ് ബാധ ഉണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവച്ച് അബുദാബിയില്‍ നിന്നു തിരുവനന്തപുരത്തെത്തുകയും രോഗവിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അവര്‍ക്കു വിമാനത്തിനകത്തു കയറാന്‍ കഴിഞ്ഞതു തന്നെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രവാസികള്‍ അവരുടെ മണ്ണിലേക്കാണു വരുന്നത്. അതിനാല്‍ തടയാന്‍ കഴിയില്ല. എന്നാല്‍, വരുന്നവര്‍ ജാഗ്രതയോടെ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. അത് ഉറപ്പു വരുത്തേണ്ടത് അവരും ചുറ്റുപാടും കഴിയുന്നവരുമാണ്. ഇവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. അത്തരം ഇടപെടലുകള്‍ വഴിയേ ഇനി ഈ രോഗത്തെ നിയന്ത്രിക്കാനാകൂ.ദീര്‍ഘകാലം എല്ലാം അടച്ചിട്ടു ജീവിക്കാന്‍ കഴിയില്ല. ഇപ്പോള്‍ കോവിഡിനെ എങ്ങനെ നേരിടണമെന്നു ജനങ്ങള്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന് പേര്‍ക്കെതിരെയാണ് കോവിഡ് രോഗം മറച്ചുവച്ചതിന് കേസെടുത്തത്. അബുദാബിയില്‍ വച്ച് തന്നെ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് മറച്ചു വച്ച് ശനിയാഴ്ചത്തെ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ ഇവര്‍ ഇവിടത്തെ പരിശോധനയിലും രോഗവിവരം അറിയിച്ചില്ല.

കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസില്‍ കൊട്ടാരക്കര വരെ യാത്ര ചെയ്തു. ഇതിനിടെ ഇവരുടെ സംസാരം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവര്‍ രോഗവിവരം സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വീണ്ടും നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇവര്‍ മൂന്ന് പേരെ കൂടാതെ ഇതേ വിമാനത്തില്‍ സഞ്ചരിച്ച 5 പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് കൊല്ലം സ്വദേശികളും രണ്ട് തിരുവനന്തപുരം സ്വദേശികളും. ഇതില്‍ തിരുവനന്തപുരത്തെ രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ രോഗബാധിതര്‍ക്കൊപ്പമുള്ള വിമാനയാത്രയാണോ രോഗകാരണമായതെന്ന് സംശയിക്കുന്നുണ്ട്. അതിനാല്‍ ഈ വിമാനത്തിലെത്തിയ 12 കുട്ടികളടക്കം അവശേഷിക്കുന്ന 170 യാത്രക്കാരെയും ഉടന്‍ പരിശോധനക്ക് വിധേയമാക്കും.

അതേസമയംഅബുദാബി വിമാനത്താവളത്തില്‍ തങ്ങളുള്‍പ്പെടെ 11 പേര്‍ക്ക് 2 തവണ റാപ്പിഡ് ടെസ്റ്റ് നടത്തിയെന്നും കോവിഡ് പിടിപെട്ട വിവരം ആരും അറിയിച്ചിട്ടില്ലെന്നും ഇന്നലെ കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസികള്‍ പറഞ്ഞു. രോഗം മറച്ചു വച്ചല്ല വന്നത്. പിറന്ന നാട്ടിലേക്കു വന്നതിനു ശിക്ഷിക്കരുതെന്നും അവര്‍ പറഞ്ഞു

pathram:
Leave a Comment