കൊച്ചി: പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസം തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസം തന്നെയായിരിക്കുമെന്നും അതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രവാസികളുടെ മടക്കം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
കേരളത്തിലേത് സവിശേഷമായ സാഹചര്യമാണെന്നും ഏഴു ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈനു ശേഷം ബാക്കിയുള്ള ദിവസങ്ങള്‍ വീടുകളില്‍ ക്വാറന്റൈനില്‍ സുരക്ഷിതമായി കഴിയാനുള്ള സാഹചര്യമുണ്ടെന്നും കാണിച്ച് സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ അടിയന്തരമായി നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 14 ദിവസം സര്‍ക്കാര്‍ തലത്തിലുള്ള ക്വാറന്റൈനില്‍ കഴിയണമെന്നത് ദേശീയ തലത്തില്‍ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡമാണെന്നും ഐസിഎംആര്‍ അടക്കമുള്ള ഏജന്‍സികള്‍ ഈ നിര്‍ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിന് മാത്രമായി ഈ മാര്‍നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
Leave a Comment