കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി: ഇനി സ്രവ പരിശോധന ഇത്തരക്കാര്‍ക്കുമാത്രമായിരിക്കും

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗ തീവ്രതയും രോഗിയുടെ ആരോഗ്യനിലയും അനുസരിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. ചെറിയ രീതിയില്‍ രോഗലക്ഷണം ഉള്ളവര്‍, തീവ്രത കുറഞ്ഞവര്‍, രോഗം മൂര്‍ച്ഛിച്ചവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തിരിച്ചാണ് നിര്‍ദേശങ്ങള്‍. രോഗം മൂര്‍ച്ഛിച്ചവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും മാത്രം ആശുപത്രി വിടുന്നതിനു മുമ്പ് സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.

ചെറിയ രീതിയില്‍ രോഗലക്ഷങ്ങളുള്ളവര്‍

ചെറിയ കോവിഡ് ലക്ഷണങ്ങളുമായി കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചവരുടെ ശരീരോഷ്മാവും പള്‍സും നിരന്തരം പരിശോധനയ്ക്കു വിധേയമാക്കുക. രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി 10 ദിവസം കഴിയുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാം, എന്നാല്‍ ആശുപത്രി വിടുന്നതിന് മൂന്നു ദിവസം മുമ്പു വരെ പനി ഉണ്ടാകാന്‍ പാടില്ല. ഡിസ്ചാര്‍ജു ചെയ്യുമ്പോള്‍ പരിശോധിക്കണമെന്നില്ല. ആശുപത്രി വിട്ടതിനുശേഷം 7 ദിവസം കൂടി വീട്ടില്‍ ഐസലേഷനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കണം. വീട്ടിലെത്തിയതിനു ശേഷം പനിയോ മറ്റു ലക്ഷണങ്ങളോ അനുഭവപ്പെടുകയാണെങ്കില്‍ കോവിഡ് കെയര്‍ സെന്ററിലോ സംസ്ഥാന ഹെല്‍പ്‌ലൈന്‍ നമ്പറായ 1075ലോ ബന്ധപ്പെടുക. 14 ദിവസം കഴിയുമ്പോള്‍ ടെലി കോണ്‍ഫറന്‍സിലൂടെ ആരോഗ്യനില വീണ്ടും വിലയിരുത്തും.

കോവിഡ് ഹെല്‍ത്ത് സെന്ററില്‍ ഓക്‌സിജന്‍ ബെഡുകളില്‍ ചികിത്സയിലുള്ള തീവ്രത കുറഞ്ഞവര്‍. ഇവരെ രണ്ടായി തിരിക്കുന്നു

മൂന്നു ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറുകയും അടുത്ത 4 ദിവസത്തേക്ക് 95 ശതമാനത്തിനു മുകളില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ നിലനിര്‍ത്തുകയും ചെയ്യുന്ന രോഗികള്‍. ഇവരുടെ ഓക്‌സിജന്‍ സാച്ചുറേഷനും താപനിലയും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരുടെ പനി മൂന്നു ദിവസത്തിനുള്ളില്‍ മാറുകയും അടുത്ത നാലു ദിവസം ഓക്‌സിജന്‍ സാച്ചിറേഷന്‍ 95 ശതമാനത്തിനു മുകളില്‍ നിലനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ഇവരെ 10 ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യാം. പനി, ശ്വാസതടസ്സം എന്നിവ ഉണ്ടാകാന്‍ പാടില്ല. ഇവര്‍ക്കും ഡിസ്ചാര്‍ജിനു മുമ്പു പരിശോധന ആവശ്യമില്ല. തുടര്‍ന്ന് വീട്ടില്‍ 7 ദിവസം ഐസലേഷനില്‍ കഴിയണം.

മൂന്നു ദിവസത്തിനുള്ളില്‍ പനി മാറാത്തവരും ഓക്‌സിജന്‍ തെറപ്പി ആവശ്യമുള്ളവരുമായവര്‍. ഇവരുടെ ക്ലിനിക്കല്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയതിനുശേഷവും മൂന്നു ദിവസം തുടര്‍ച്ചയായി ഓക്‌സിജന്‍ സാച്ചുറേഷന്‍ നിലനിര്‍ത്താന്‍ കഴിയുമ്പോഴും മാത്രം ഡിസ്ചാര്‍ജ് ചെയ്യുക.

പ്രതിരോധ ശേഷി കുറഞ്ഞ തീവ്രത കൂടിയ കേസുകള്‍

ഇതില്‍ എച്ച്‌ഐവി രോഗികള്‍, അവയവം മാറ്റിവച്ചവര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവരെ പൂര്‍ണമായി രോഗം ഭേദമായ ശേഷവും രോഗലക്ഷണങ്ങള്‍ മാറി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയതിനു ശേഷവും മാത്രം ഡിസ്ചാര്‍ജ് ചെയ്യുക.

Similar Articles

Comments

Advertismentspot_img

Most Popular