തീവ്രവാദികളുമായി ബന്ധം; ബിജെപി നേതാവ് അറസ്റ്റില്‍

തീവ്രവാദികളുമായുള്ള ബന്ധത്തെതുടര്‍ന്ന് ബിജെപി നേതാവ് അറസ്റ്റില്‍. ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിംഗ് പിടിയിലായ തീവ്രവാദ കേസില്‍ ബി.ജെ.പിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ വ്യക്തിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ ‘സര്‍പഞ്ച്’ ആയിരുന്ന താരിഖ് അഹ്മദ് മിര്‍ (36) ആണ് ബുധനാഴ്ച പിടിയിലായത്.

ദവീന്ദര്‍ സിംഗിനൊപ്പം പിടിയിലായ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നും വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധം ലഭ്യമാക്കാന്‍ താരിഖ് അഹ്മദ് ഇടപെട്ടിരുന്നുവെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു. 2011ല്‍ താരിഖ് അഹ്മദ് മിര്‍ ഷോപ്പിയാന്‍ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ബി.ജെ.പിയുടെ പിന്തുണയോടെയായിരുന്നു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇയാള്‍ വാചി നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

തീവ്രവാദികള്‍ക്ക് ആയുധം എത്തിച്ചുനല്‍കുന്ന ഇടനിലക്കാരനാണ് മിര്‍ എന്നും ഇയാളെ കോടതിയില്‍ ഹാജരാക്കി ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദവിന്ദര്‍ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ട കേസുമായി താരിഖ് മിറിന് നേരിട്ട് ബന്ധമില്ലെങ്കിലും ഹിസ്ബുല്‍ അടക്കമുള്ള നിരവധി സംഘങ്ങള്‍ക്ക് ഇയാള്‍ ആയുധമെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപണമുള്ള ദവീന്ദര്‍ സിംഗ് ജനുവരിയിലാണ് തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായത്. 2018ല്‍ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

pathram:
Related Post
Leave a Comment