ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ടുനല്‍കും

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാന പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ട് നല്‍കും. ലോക്‌ഡൌണിന്റെ തുടക്കത്തില്‍ പിടികൂടിയ വാഹനങ്ങളാണ് ആദ്യം വിട്ടുനല്‍കുക.

ലോക്ക് ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇതുവരെയായി 30000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്. നാളെ മുതല്‍ ഇത് വിട്ട് നല്‍കാനാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ മുഴുവന്‍ വിട്ടു നല്‍കുന്നത് വൈകിയേക്കുമന്നാണ് സൂചന. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴ ഈടാക്കി വിട്ട് നല്‍കാന്‍ പൊലീസിന് അധികാരമില്ല. കോടതിയിലെത്തിയ ശേഷമേ വിട്ടുനല്‍കാനാവൂ. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതിന് മുന്‍പ് പിടിച്ചെടുത്ത വാഹനങ്ങള്‍ സത്യവാങ്മൂലം വാങ്ങിയ ശേഷം ഉടമകള്‍ക്ക് വിട്ടുനല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അവശേഷിക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കും.

പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സില്‍ ഭേദഗതി ആവശ്യപ്പെട്ട് ഡി.ജി.പി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കുമെന്നാണ് സൂചന. ഇനി മുതല്‍ വാഹനം പിടിച്ചെടുക്കണമോ എന്ന കാര്യത്തില്‍ പോലീസ് എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. എന്നാല്‍ പരിശോധനയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

pathram:
Leave a Comment