സഹായത്തിനായി വിളിച്ചത് പിണറായിയെ, കിട്ടിയത് ഉമ്മന്‍ ചാണ്ടിയെ…..

മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പര്‍ ആണെന്ന് കരുതി കോയമ്പത്തൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ വിളിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നമ്പറിലേക്ക്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നോക്കാം.. ലോക്ഡൗണിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളാണ് സഹായം തേടി മുഖ്യമന്ത്രിയെ വിളിക്കാന്‍ തീരുമാനിച്ചത്. ഫോണെടുത്ത മുന്‍മുഖ്യമന്ത്രി അവര്‍ക്ക് കൈത്താങ്ങായി.

കുട്ടികള്‍ക്കു വേണ്ട എല്ലാ സഹായവും കോയമ്പത്തൂരിലെ താമസസ്ഥലത്ത് ഉമ്മന്‍ചാണ്ടി എത്തിച്ചുനല്‍കി. കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്‌ടോമെട്രി പരിശീലനത്തിന് എത്തിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 6 വിദ്യാര്‍ഥിനികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ കുടുങ്ങിയത്.

ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും തീര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരാളുടെ സഹായം തേടി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നാട്ടിലെത്താനായിരുന്നു വിദ്യാര്‍ഥിനികളുടെ ശ്രമം. ഇതിനായി സഹായി നല്‍കിയ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മറുവശത്ത് ഉമ്മന്‍ചാണ്ടിയെ ലഭിച്ചത്. ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ അന്വേഷിക്കുകയും വൈകിട്ട് 5 മണിക്ക് ഒരാള്‍ വിളിക്കുമെന്നറിയിക്കുകയും ചെയ്തു. വൈകിട്ട് കൃത്യ സമയത്തു തന്നെ വിളിച്ച ആള്‍ കുട്ടികളുടെ ആവശ്യങ്ങള്‍ തിരക്കി. നാട്ടിലെത്താനുള്ള ആവശ്യവും ഭക്ഷ്യ വസ്തുക്കളില്ലാത്തതും കുട്ടികള്‍ അറിയിച്ചതോടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, മറ്റ് അവശ്യ വസ്തുക്കളും ഉടന്‍ താമസ സ്ഥലത്ത് എത്തി.

തുടര്‍ന്ന് രണ്ടു തവണ ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥിനികളെ തിരിച്ചു വിളിച്ച് ക്ഷേമം അന്വേഷിക്കുകയും ചെയ്തതോടെ തിരൂര്‍,തൃപ്രങ്ങോട്, അരീക്കോട്, എടപ്പാള്‍, വൈരങ്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളായ സജ്‌ന, മുഹ്‌സിന, ശാമിലി, മുഫീദ, അമൃത, മുഹ്‌സിന എന്നിവര്‍ക്ക് ഏറെ ആശ്വാസമായി. നാട്ടിലേക്കെത്തുന്നതിനു വേണ്ടിയുള്ള സഹായങ്ങള്‍ ഹെല്‍ത്ത് കെയറുമായി ബന്ധപ്പെട്ട് ശരിയാക്കാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

pathram:
Leave a Comment