ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മുന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണി തിരിച്ചെത്താനുള്ള സാധ്യതകള്‍ തീര്‍ത്തും വിരളമാണെന്ന് മുന്‍താരം വീരേന്ദര്‍ സേവാഗ്. ധോണിയുടെ അസാന്നിധ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സിലക്ടര്‍മാര്‍ കണ്ടെത്തിക്കഴിഞ്ഞതായും ധോണി ടീമിലേക്കു മടങ്ങിയെത്തുമെന്നു കരുതുന്നില്ലെന്നും സേവാഗ് തുറന്നടിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നീണ്ടുപോകുകയും ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഒരിക്കല്‍ക്കൂടി ചര്‍ച്ചയാകുകയും ചെയ്യുന്നതിനിടെയാണ് സേവാഗ് നിലപാട് വ്യക്തമാക്കിയത്.
‘ഇനി ധോണിയെ എവിടെ ഉള്‍ക്കൊള്ളിക്കാനാണ്? ഋഷഭ് പന്തും ലോകേഷ് രാഹുലും മികച്ച ഫോമില്‍ കളിക്കുന്ന സമയമാണിത്. പ്രത്യേകിച്ചും രാഹുല്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഇനി ധോണിയെ ടീമിലേക്കു മടക്കിക്കൊണ്ടുവരുമെന്ന് തോന്നുന്നില്ല’ സേവാഗ് വ്യക്തമാക്കി.
ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തീര്‍ത്തും നിറംമങ്ങിയത് വലിയ കാര്യമല്ലെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളുടെയെല്ലാം കരിയറില്‍ ഇത്തരം തിരിച്ചിറക്കങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സച്ചിന് തെന്‍ഡുല്‍ക്കര്‍, സ്റ്റീവ് വോ, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ് തുടങ്ങിയവരുടെ ഉദാഹരണങ്ങളും സേവാഗ് എടുത്തുകാട്ടി.
ഇത്തവണത്തെ ട്വന്റി20 ലോകകപ്പില്‍ കിരീടസാധ്യത പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ട്വന്റി20 ക്രിക്കറ്റില്‍ പൊതുവെ പ്രവചനങ്ങള്‍ അസാധ്യമാണ്. ഒരു ടീമിനും കിരീട സാധ്യത പ്രത്യേകം എടുത്തുപറയാനാകില്ല. ഈ ഫോര്‍മാറ്റിന്റെ പ്രത്യേകതയാണത്. ഫോമിലുള്ള ഒറ്റ കളിക്കാരന് കളിയുടെ ഫലം തന്നെ മാറ്റിമറിക്കാനാകുമെന്നും സേവാഗ് ചൂണ്ടിക്കാട്ടി.
ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സേവാഗ് പറഞ്ഞു. പാണ്ഡ്യയെപ്പോലുള്ള ഒരു ഓള്‍റൗണ്ടര്‍ എത്തുന്നതോടെ ടീമിന്റെ മൊത്തം സമവാക്യം തന്നെ മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Leave a Comment