ഇവരെ പോലെ ഭാഗ്യം സിദ്ധിച്ച ദമ്പതിമാര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വേറെയില്ല….

മിച്ചല്‍ സ്റ്റാര്‍ക്കിനെയും അലീസ ഹീലിയെയും പോലെ ഭാഗ്യം സിദ്ധിച്ച ദമ്പതിമാര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വേറെയില്ല. വനിതാ ട്വന്റി20 ഫൈനലില്‍ ഭാര്യയുടെ പ്രകടനം കാണാന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഓസീസ് പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു നിരാശപ്പെടേണ്ടി വന്നില്ല. ഭാര്യ അലീസ ഹീലിയുടെ വെടിക്കെട്ട് ബാറ്റിങ് എംസിജിയിലെ വിഐപി ബോക്‌സിലിരുന്ന് സ്റ്റാര്‍ക് കണ്‍കുളിര്‍ക്കെ കണ്ടു.

അഞ്ച് വര്‍ഷം മുന്‍പ് ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ പുരുഷ ടീം ഇതേ സ്‌റ്റേഡിയത്തില്‍ ഏകദിന ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ അതിനു സാക്ഷിയായി അലീസയും കാണികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലിയുടെ സഹോദരപുത്രി കൂടിയാണ് വനിതാ ടീമിന്റെ കീപ്പറായ അലീസ.

തീപാറുന്ന യോര്‍ക്കറുകളിലൂടെ സ്റ്റാര്‍ക് ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തുമ്പോള്‍ ബോളര്‍മാരുടെ പേടിസ്വപ്നമായിട്ടാണ് അലീസ വനിതാ ക്രിക്കറ്റില്‍ അറിയപ്പെടുന്നത്. 2016ല്‍ ഓസീസ് 4–ാം ട്വന്റി20 ലോകകപ്പ് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അലീസയാണ്. പിന്നീ!ടു വനിതകളുടെ ബിഗ് ബാഷ് ലീഗിലും മികച്ച താരമായി. എന്നാല്‍ ട്വന്റി20 ലോകകപ്പിനു മുന്‍പ് ഫോം നഷ്ടപ്പെട്ട താരത്തിന് ഓപ്പണിങ് സ്ഥാനം വരെ നഷ്ടമായേക്കാവുന്ന അവസ്ഥയായിരുന്നു.


എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ അര്‍ധസെഞ്ചുറിയുമായി ഫോമിലേക്കു തിരിച്ചെത്തി. പിന്നീടു ബംഗ്ലദേശിനെതിരെയും ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെയും അര്‍ധ സെഞ്ചുറി കുറിച്ച് ഓസീസിന്റെ കാവല്‍ മാലാഖയായി. പേസ് ബോളര്‍മാരെ ഉള്‍പ്പെടെ മുന്നോട്ടു കയറിവന്ന് സിക്‌സര്‍ പറത്താനുള്ള മികവാണ് അലീസയെ അപകടകാരിയാക്കുന്നത്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ബൗണ്ടറികള്‍ പായിക്കും.

ഇന്നലെ കലാശപ്പോരാട്ടത്തില്‍ ദീപ്തി ശര്‍മയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാണ് ഹീലി തുടങ്ങിയത്. അവിടുന്നങ്ങോട്ട് തകര്‍ത്തടിച്ച ഹീലി ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനെ തോളേറ്റിയപ്പോള്‍ ഇന്ത്യ പതുക്കെ മത്സരം കൈവിട്ടു. മത്സരത്തില്‍ വെറും 39 പന്തില്‍നിന്ന് 75 റണ്‍സാണ് ഹീലി അടിച്ചെടുത്തത്. ഇതില്‍ ഏഴു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നു. ഫൈനലിലെ താരമായതും ഹീലി തന്നെ. വ്യക്തിഗത സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ ഷഫാലി വര്‍മ ഹീലിയെ കൈവിട്ടതും ഓസീസിന്റെ ഭാഗ്യമായി. ട്വന്റി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡ് ഇനി ഹീലിക്കു സ്വന്തം. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി കൂടിയാണിത്‌

pathram:
Leave a Comment