കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പാക്‌ നിര്‍മ്മിത വെടിയുണ്ടകള്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പാകിസ്താനില്‍ നിര്‍മ്മിച്ച വെടിയുണ്ടകള്‍ ആണെന്ന് റിപ്പോര്‍ട്ട്. വിദഗ്ധ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വെടിയുണ്ടകളില്‍ പാകിസ്താന്‍ ഓര്‍ഡന്‍സ് ഫാക്ടറീസ് എന്നതിന്റെ ചുരുക്കപ്പേരായ പി.ഒ.എഫ് എന്ന് എഴുതിയിട്ടുണ്ട്.

7.62 എം.എം വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളത്. ദീര്‍ഘദൂര പ്രഹര ശേഷിയുള്ള മെഷീന്‍ ഗണ്ണുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് ഇവ. 14 വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളത്. ആയുധ നിയമ പ്രകാരം സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഉണ്ടാവുമെന്നാണ് സൂചന.

കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപം കവറില്‍ ഉപേക്ഷിച്ച നിലയിലാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പാലത്തിന് സമീപം വാഹനം നിര്‍ത്തി വിശ്രമിച്ച ചിലരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ ആദ്യം കണ്ടത്. സംശയകരമായ നിലയില്‍ ഉപേക്ഷിക്കപ്പെട്ട കവര്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പോലീസിനെ വിവരം അറിയിച്ചു. കാട്ടില്‍ വേട്ടയ്ക്ക് പോകുന്നവര്‍ ഉപേക്ഷിച്ച വെടിയുണ്ട ആയിരിക്കാം ഇതെന്നായിരുന്നു പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയിലാണ് പാക് നിര്‍മിത വെടിയുണ്ടകളാണ് ഇവയെന്ന് വ്യക്തമായത്.

pathram:
Related Post
Leave a Comment