കൊച്ചി: ഈ കാലവര്‍ഷത്തിലും കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് പ്രളയത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് സൃഷ്ടിപരമായ രൂപകല്‍പന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്‌സ് (ഐഎസ് സിഎ) കേരള ഡിസൈന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12 മുതല്‍ 14 വരെ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ഡിസൈന്‍ വീക്ക് -2019-ന്റെ ഭാഗമായാണ് പരിപാടിയുടെ വിദ്യാഭ്യാസ പങ്കാളിയായ ഐഎസ്‌സിഎ മല്‍സരം സംഘടിപ്പിക്കുന്നത്.
മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ലേഖനം, പോസ്റ്റര്‍, പെയിന്റിങ്, ഫോട്ടോഗ്രാഫ്, ഹ്രസ്വചിത്രം തുടങ്ങിയവയിലൂടെ അവതരിപ്പിക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് കേരള ഡിസൈന്‍ വീക്കിന്റെ വെബ്‌സൈറ്റില്‍ ഈ മാസം 30 വരെ ഡിസൈന്‍ ചലഞ്ചിനായി എന്റോള്‍ ചെയ്യാവുന്നതാണെന്ന് ഐഎസ്‌സിഎ അക്കാഡമിക് മേധാവി ഡോ. മോഹന്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ദിവസം നടക്കുന്ന കേരള ഡിസൈന്‍ വീക്ക് കാലാനുസൃതമായി ഡിസൈന്‍ സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സുസ്ഥിര നിര്‍മാണരീതികള്‍ സ്വായത്തമാക്കാനും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാനും അവസരമൊരുക്കുന്നതാണ് ഡിസൈന്‍ ചലഞ്ച് എന്ന് ഐഎസ്‌സിഎ ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.
20016-ല്‍ സ്ഥാപിതമായ യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മികച്ച ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ സ്‌കൂളാണ് കൊച്ചി ആസ്ഥാനമായ ഐഎസ്‌സിഎ. കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ക്രിയേറ്റിവ് ആര്‍ട്‌സില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും ആനിമേഷന്‍, വിഎഫ്എക്‌സ്, ഗ്രാഫിക് ഡിസൈന്‍, അഡ്വര്‍ട്ടൈസിംഗ് ഡിസൈന്‍, ഗെയിം ഡിസൈന്‍, യുഐ/ യുഎക്‌സ് ഡിസൈന്‍ തുടങ്ങിയവയില്‍ സ്‌പെഷ്യലൈസേഷനും നല്‍കുന്നു. ഐഎസ്‌സിഎ ഡയറക്ടര്‍ വേണുഗോപാല്‍ വി. മേനോനും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
Leave a Comment