ഇംഗ്ലണ്ട് ചാമ്പ്യന്മാര്‍..!!!! ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത് സൂപ്പര്‍ ഓവറും ടൈ ആയ ശേഷം…!!

ലോഡ്സ്: ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ വിധിയെഴുതിയ ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകചാമ്പ്യനാകുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും റണ്ണപ്പുകളായി തൃപ്തിയടയാനായി ന്യൂസീലന്‍ഡിന്റെ വിധി. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയോടെ ഏഴ് വിക്കറ്റിന് തോല്‍ക്കാനായിരുന്നു കിവീസിന്റെ വിധി. മൂന്ന് തവണ റണ്ണറപ്പുകളായി നിരാശപ്പെട്ടശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയര്‍ത്തിയത്. 1992ലായിരുന്നു അവരുടെ അവസാന ഫൈനല്‍ പോരാട്ടം. കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്താകാനായിരുന്നു അവരുടെ വിധി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡ് ആറ് പന്തില്‍ 15 റണ്‍സെടുത്തെങ്കിലും നിശ്ചിത 50 ഓവറില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 22 ഉം ന്യൂസീലന്‍ഡ് 14 ഉം ബൗണ്ടറികളാണ് നേടിയത്.

ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ സൂപ്പര്‍ ഓവറില്‍ നിന്ന് ബെന്‍ സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് നേടിയത് 15 റണ്‍സാണ്. ബട്‌ലര്‍ മൂന്ന് പന്തില്‍ നിന്ന് ഏഴും സ്റ്റോക്‌സ് മൂന്ന് പന്തില്‍ നിന്ന് എട്ട് റണ്‍സുമാണ് നേടിയത്. കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ഗുപ്ടലിലും നീഷമും ചേര്‍ന്നാണ് കിവീസിനു വേണ്ടി ബാറ്റ് ചെയ്തത്.

ജൊഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ പന്ത് വൈഡായതോടെ കിവീസിന്റെ വിജയലക്ഷ്യം 6 പന്തില്‍ നിന്ന് 15 റണ്‍സായി. അടുത്ത പന്തില്‍ നീഷം രണ്ട് റണ്‍സെടുത്തു. രണ്ടാം പന്തില്‍ നീഷം ഒരു പടുകൂറ്റന്‍ സിക്‌സ് നേടിയതോടെ ന്യൂസീലന്‍ഡിന്റെ സ്വപ്നത്തിന് ജീവന്‍വച്ചു. അടുത്ത പന്തില്‍ വീണ്ടും രണ്ട് റണ്‍സ് നേടിയതോടെ ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സായി. അടുത്ത പന്തില്‍ വീണ്ടും ഡബിള്‍. അഞ്ചാമത്തെ പന്തില്‍ സിംഗിള്‍. ആറാം പന്ത് നേരിട്ടത് ഗുപ്ടില്‍. ഒരു റണ്ണെടുത്തതോടെ മത്സരം ടൈയായി. അടുത്ത റണ്ണിനായി ഓടിയ ഗുപ്ടലിനെ ജയ്‌സണ്‍ റോയ് സ്റ്റമ്പ് ചെയ്തതോടെ സൂപ്പര്‍ ഓവറും ടൈയായി. അങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം വിധി നിര്‍ണയിച്ചത്.

നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ 241 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. അവസാന പന്തിലാണ് അവര്‍ക്ക് അവസാന വിക്കറ്റ് നഷ്ടമായത്.

അവസാന ഓവറില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിന് 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ട്രെന്‍ഡ് ബോള്‍ട്ടായിരുന്നു ബൗളര്‍. ഇംഗ്ലണ്ടിനെ വിജയത്തീരത്തേയ്ക്ക് തുഴഞ്ഞെത്തിച്ച ബെന്‍ സ്റ്റോക്‌സ് സ്‌ട്രൈക്കറും. ആദ്യ രണ്ടു പന്തുകളില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന സ്റ്റോക്‌സ് മൂന്നാമത്തെ പന്ത് സിക്സിലേക്ക് പറത്തി. നാലാം പന്തില്‍ ഡബിളുടെത്തു. ഇതിനിടയില്‍ ഫീല്‍ഡര്‍ എറിഞ്ഞ പന്ത് സ്റ്റോക്ക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈനിലെത്തി. ഇതോടെ നാലാം പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് ലഭിച്ചു. ഒടുവില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ രണ്ട് പന്തില്‍ നിന്ന് മൂന്ന് റണ്‍സായി. എന്നാല്‍, ഓവറിലെ അഞ്ചാം പന്തില്‍ ഡബിളുടെക്കാനുള്ള ശ്രമത്തിനിടെ ആദില്‍ റഷീദ് റണ്ണൗട്ടായി. ഇതോടെ ഒരു വിക്കറ്റ് മാത്രം കൈയിലുള്ള ഇംഗ്ലണ്ടിന് അവസാന പന്തില്‍ നിന്ന് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. വീണ്ടും ബോള്‍ട്ടിനെ നേരിടുന്നത് സ്റ്റോക്‌സ്. എന്നാല്‍, രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാര്‍ക്ക് വുഡ് റണ്ണൗട്ടായി. ഇതോടെ മത്സരം ടൈയായി. അങ്ങനെ സൂപ്പര്‍ ഓവര്‍ ആവശ്യമായി വന്നു.

നിശ്ചിത 50 ഓവറില്‍ റണ്ണെടുക്കാന്‍ പാടുപെടുകയായിരുന്നു ന്യൂസീലന്‍ഡും ഇംഗ്ലണ്ടും. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തവര്‍ക്ക് ഏഴാം ഓവറില്‍ തന്നെ ആഘാതമേറ്റു. ഗുപ്ടില്‍ പുറത്ത്. പിന്നീട് ചെറിയ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നവരെ ഒരുപരിധി വരെ കരകയറ്റിയത് ഹെന്‍?റി നിക്കോള്‍സും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ചേര്‍ന്നാണ്. നിക്കോള്‍സ് 55ഉം വില്ല്യംസണ്‍ 30 ഉം റണ്‍സെടുത്തു. ഇവരാണ് ടീം സ്‌കോര്‍ 100 കടത്തിയത്. പിന്നീട് പേരിനെങ്കിലും പൊരുതിയത് 47 റണ്‍സെടുത്ത ലഥാമാണ്.

241 റണ്‍സ് താരതമ്യേന ദുര്‍ബലമായ സ്‌കോറായിരുന്നു കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക്. എന്നാല്‍ ലോഡ്‌സില്‍ കണ്ടത് മറ്റൊരു കഥ. കിവീസ് ബൗളര്‍മാരുടെ പേസിന് മുന്നില്‍ ഇംഗ്ലണ്ട് പരുങ്ങുന്നതാണ് കണ്ടത്. ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ ദയനീയമായ പരാജയമാകുമായിരുന്നു അവരെ വരവേല്‍ക്കുക. സൂപ്പര്‍ ഓവര്‍ വരെ ബാറ്റ് ചെയ്ത ബെന്‍ സ്റ്റോക് 98 പന്തില്‍ നിന്ന് 84 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബട്‌ലര്‍ 60 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത് ഉറച്ച പിന്തുണ നല്‍കി. ജോണി ബെയര്‍‌സ്റ്റോ 55 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു.

മൂന്ന് വിക്കറ്റ് വീതമെടുത്ത ഫെര്‍ഗൂസനും നീഷമും ഇംഗ്ലണ്ടിനെ മെരുക്കിയെങ്കിലും സ്റ്റോക്‌സിന്റെ കരുത്തിലും ക്ഷമയിലുമാണ് അവര്‍ അസവാന ഓവറില്‍ മത്സരം ടൈയാക്കി സൂപ്പര്‍ ഓവറിലേയ്ക്ക് ആയുസ്സ് നീട്ടിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7