ബിജെപിയുടെ വന്‍ വിജയം വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയോ..? വീണ്ടും വിവാദമുയരുന്നു; പ്രതിപക്ഷ കക്ഷികള്‍ സംഘടിക്കുന്നു…

മുംബൈ: എന്‍ഡിഎയുടെ വന്‍ വിജയത്തിന് പിന്നില്‍ തിരിമറി നടന്നോ..? ഇക്കാര്യത്തില്‍ വീണ്ടും സംശയങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്ത് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് എന്‍.സി.പി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വന്‍ വിജയംനേടി അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണിത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നിരവധി വിദഗ്ധരുമായി താന്‍ സംസാരിച്ചിരുന്നുവെന്ന് ശരദ് പവാര്‍ അവകാശപ്പെട്ടു. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ വോട്ടിങ് യന്ത്രങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് സംശയമുണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ അവര്‍ നിശബ്ദരായേക്കാം. എന്നാല്‍, നാളെ അവര്‍ നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അതുണ്ടാകാന്‍ പാടില്ല. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ട്.

ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ദേശീയ വികാരം ഉണര്‍ത്തിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. മാലെഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞ സിങ് ഠാക്കൂറിനെ ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും അവര്‍ ഭോപ്പാലില്‍നിന്ന് വിജയിച്ചതും ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ഇനി സമയം കളയേണ്ടതില്ലെന്ന് ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7